ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര വിജിലന്‍സ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ ഫലം പ്രഖ്യാപിച്ചതില്‍ ഗുരുതര ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. നാളെ ചേരുന്ന പി.എസ്.സി യോഗം വിഷയം ചര്‍ച്ച ചെയ്യും. ആസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ടുപേര്‍ക്ക് നിയമനം നൽകി.
ട്രൈബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ പരാതി എത്തിയതോടെ പി.എസ്.സി പിഴവ് സമ്മതിക്കുകയായിരുന്നു. പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് എസ്.ഐ.ടി. പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പി.എസ്.സി സംശയമുനയിലായതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെ.എ.എസ് പരീക്ഷകളിലായിരുന്നു ആദ്യം ക്രമക്കേട് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി വി.ഡി സതീശനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ഐ.ജി അജിത ബീഗത്തിനാണ് അന്വേഷണച്ചുമതല. എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി ജി. അജയ് നാഖ് എന്നിവരും സംഘത്തിലുണ്ട്.അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി ആസ്ഥാനത്ത് എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. കംപ്യൂട്ടറുകളാണ് പ്രധാനമായും പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."