മമ്പാട് പഞ്ചായത്തില്‍ സി.പി.എം പിടിച്ചെടുത്ത മിച്ചഭൂമി നിര്‍ധനര്‍ക്ക് വീതിച്ചു നല്‍കും
നിലമ്പൂര്‍: സ്വകാര്യ വ്യക്തിക്കു രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നു മമ്പാട് പഞ്ചായത്തിലെ കുറത്തിയാര്‍ പൊയിലിലെ മിച്ചഭൂമി 82 കുടുംബങ്ങള്‍ക്കു തുല്യമായി വീതിച്ചു കൊടുക്കും. 5 സെന്റ് വീതമാണ് കുടുംബങ്ങള്‍ക്കു നല്‍കുക. കൂടാതെ ശ്മശാനം, പൊതു കിണര്‍ എന്നിവയും സ്ഥാപിക്കും. രേഖകള്‍ ഹാജരാക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുവദിച്ച സമയം അവസാനിച്ചതോടെയാണു ഭൂരഹിതരായവര്‍ക്കു ഭൂമി പതിച്ചു കിട്ടുന്നതിന് അനുകൂല സാഹചര്യം ഒരുങ്ങിയത്. മിച്ചഭൂമി നിര്‍ധനര്‍ക്ക് വീതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി ഭൂമി കൈയേറി കുടില്‍ കെട്ടി സമരം നടത്തി വരികയാണ്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സമരപന്തലില്‍ എത്തി.
വര്‍ഷങ്ങളോളമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 20 ഏക്കര്‍ ഭൂമിയിലെ അഞ്ചേക്കറോളം വരുന്ന ഭൂമിയാണു മിച്ചഭൂമിയായി കിടക്കുന്നത്. രേഖ കൈവശമുള്ള 15 ഏക്കറോളം ഭൂമി വേലി കെട്ടി വേര്‍തിരിക്കുകയും നികുതി അടച്ചു വരികയും ചെയ്യുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള അഞ്ചേക്കര്‍ സ്ഥലത്തിന് 16 വര്‍ഷമായി നികുതി അടച്ചുവരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ വിവരാവകാശം വഴിയും വില്ലേജ് ഓഫിസില്‍ നേരിട്ടും ഭൂമിയുടെ സ്ഥിതി മനസിലാക്കുകയും എല്ലാ മത വിഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്തും ഭൂരഹിതരായ 82 കുടുംബങ്ങളെ കണ്ടെത്തുകയും ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
ശനിയാഴ്ച ഇവരുടെ നേതൃത്വത്തില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചു കാടുവെട്ടി തെളിയിക്കുകയും കൊടികുത്തി കുടുംബങ്ങളെ കുടിയിരുത്തുകയും ചെയ്തു. ഇതോടെ സ്വകാര്യ വ്യക്തി സി.ഐക്ക് പരാതി നല്‍കി. പൊലിസ് സമരക്കാരെയും സ്വകാര്യ വ്യക്തിയേയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തി. രേഖകള്‍ ഹാജരാക്കാത്ത പക്ഷം ഭൂരഹിതര്‍ക്കു നല്‍കുന്നതിനു റവന്യൂവകുപ്പില്‍ വിവരം അറിയിക്കുമെന്ന നിലപാടാണ് പൊലിസ് കൈക്കൊണ്ടത്. രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയെങ്കിലും സ്വകാര്യ വ്യക്തി സ്‌റ്റേഷനിലെത്തിയില്ല. ഇതോടെയാണ് ഭൂമി ഭൂരഹിതര്‍ക്കു നല്‍കാന്‍ തീരുമാനമായത്. ഇന്നലെ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കുടുംബങ്ങള്‍ കുടില്‍ കെട്ടി. ഉച്ചയോടെ തന്നെ മുഴുവന്‍ കുടുംബങ്ങളും കുടിലുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങിയിരുന്നു.
കുടുംബങ്ങള്‍ സ്വന്തം ചെലവിലാണു കുടിലുകളുടെ നിര്‍മാണം പൂര്‍ത്തീയാക്കിയത്. ഇന്നു ഭൂമി അളന്നു തിട്ടപ്പെടുത്തും. മറ്റു തരത്തില്‍ ആക്ഷേപങ്ങളില്ലെങ്കില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ നാളെ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിനുള്ള പ്രാരംഭ നടപടി കൈകൊള്ളുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. സമരസ്ഥലത്തേക്കു രാവിലെ പൊലിസ് എത്തിയിരുന്നുവെങ്കിലും പ്രശ്‌നങ്ങളില്ലെന്ന് കണ്ട് ഇവര്‍ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."