കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ
തൃശൂർ: വടക്കേക്കാട് പൊലിസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി വീണ്ടും പിടിയിലായി. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് (30) അണ്ടത്തോട് ഭാഗത്തുനിന്ന് പൊലിസ് സംഘം പിടികൂടിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ നാല് പൊലിസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വടക്കേക്കാട് പൊലിസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. വധശ്രമക്കേസിൽ അറസ്റ്റിലായ ഷിഫാനെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് ഇയാൾ പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പരിശോധനയ്ക്ക് മുന്നോടിയായി ഇരു കൈകളിലും ബന്ധിച്ചിരുന്ന കൈവിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ പ്രതി പൊലിസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലിസുകാർ ഉടനടി പിന്തുടർന്നുവെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നാല് പൊലിസുകാരെയും സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വെച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരുക്കേൽപ്പിച്ച കേസ് ഉൾപ്പെടെയുള്ളവയിലെ പ്രധാന പ്രതിയാണ് ഷിഫാൻ. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ പെരിന്തൽമണ്ണ ജയിലിന് മുന്നിൽ നിന്ന് എം.ഡി.എം.എ കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ച സമയത്താണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പട്ടാമ്പി റോഡിലെ കുറ്റിക്കാട്ടിൽ നിന്ന് പിറ്റേന്നാണ് പ്രതിയെ പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."