തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ തനിക്ക് വ്യക്തിപരമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിന് ഒന്നാകെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയേറ്റിലോ കമ്മിറ്റിയിലോ നിലവിൽ അഴിച്ചുപണിയുമുണ്ടാകില്ലെന്നും, സമ്മേളനങ്ങളും പാർട്ടി കോൺഗ്രസുമാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിൽ തെറ്റായ കാര്യങ്ങൾ തെറ്റാണെന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ യാതൊരു പ്രയാസവുമില്ലെന്നും പാർട്ടി ഇക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മാധ്യമങ്ങൾക്ക് കടുത്ത വലതുപക്ഷ നിലപാടാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ സമരങ്ങളെ മാധ്യമങ്ങൾ ബോധപൂർവ്വം തമസ്‌കരിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് വാർത്തകൾ നിർമ്മിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
അക്രമത്തിനും കൂട്ടക്കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന ടി.ജി. മോഹൻദാസിന്റെ പ്രസ്താവനകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ലജ്ജിപ്പിക്കുന്ന ആഹ്വാനങ്ങൾ നടത്തുന്നവർക്കെതിരെ സർക്കാർ കേസെടുക്കാൻ മടിക്കുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി.
ശശിധരൻ കർത്തയുടെ പഴയ മൊഴികളിൽ പാർട്ടിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് ആരോപിച്ചു. മുൻ മുഖ്യമന്ത്രിയോടുള്ള പരിചയത്തിന്റെ പുറത്താണ് പണം നൽകിയതെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും, ഇത്തരം തെറ്റായ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
cpim state secretary m.v. govindan stated that the recent election defeat is not a personal failure and that the collective leadership bears full responsibility for the outcome.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."