കരിപ്പൂരിലേക്ക് വി.ഐ.പി പട: സുരക്ഷ എസ്.പി.ജി ഏറ്റെടുക്കും
കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളളവരുടെ വി.ഐ.പി പട എത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കുന്നു. 23,24,25 തീയതികളിലായി കോഴിക്കോട് നടക്കുന്ന ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലേക്കാണ് പ്രധാന മന്ത്രി,കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്.
വിമാനത്താവളത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കുന്നത്. സുരക്ഷ എസ്.പി.ജി ഏറ്റെടുക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എസ്.പി.ജി തലവന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം ചൊവ്വാഴ്ച രാവിലെ കരിപ്പൂരില്‍ നടക്കും. ഇവിടെ നിന്ന് റോഡ് മാര്‍ഗവും വ്യോമമാര്‍ഗവുമുളള പാതകള്‍ പരിശോധിക്കും.
റോഡില്‍ ബാരിക്കേഡ് ഒരുക്കുന്നുമുണ്ട്. കേന്ദ്ര സുരക്ഷാ സേനയുടെയും പൊലിസിന്റെയും പ്രത്യേക വിഭാഗം തന്നെ കരിപ്പൂരിലെത്തും.
പ്രധാനമന്ത്രിയുടെ യാത്രയുടെ ഭാഗമായി കരിപ്പൂര്‍ മുതല്‍ സരോവരം വരെ ട്രയല്‍ റണ്ണും നടത്തും. മോദി 24ന് വൈകീട്ട് 4.25ന് എത്തുമെന്നാണ് വിവരം. 25ന് രാത്രി ഒമ്പതിന് തിരിച്ചുപോകും.
അമിത് ഷാ 22ന് രാവിലെ 10.30നെത്തും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റലി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാവ് എല്‍.കെ. അധ്വാനി എന്നിവരടക്കമുളളവരും യോഗത്തിനെത്തുന്നത് കരിപ്പൂര്‍ വഴിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."