സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ജയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചു പ്രവേശന പട്ടിക പ്രസിദ്ധീകരിക്കാന്‍ സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് ജെയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ അവസാന അലോട്ട്‌മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലും പ്രവേശനത്തിന് ജയിംസ് കമ്മിറ്റി നിയന്ത്രണം കൊണ്ടുവരും. സെപ്റ്റംബര്‍ 26നാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അവസാന അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അവസാന അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം കോളജുകള്‍ക്ക് നടത്താമെന്നാണ് സര്‍ക്കാറുമായുള്ള കരാര്‍. ഇത് കോളജുകള്‍ നടത്തുമ്പോള്‍ മെറിറ്റ് ഉറപ്പുവരുത്താനാണ് ജയിംസ് കമ്മിറ്റിയുടെ ശ്രമം.
മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തില്‍ അപേക്ഷകള്‍ കൂട്ടത്തോടെ നിരസിച്ചതു സംബന്ധിച്ചും ജയിംസ് കമ്മിറ്റി ഉത്തരവിറക്കി. മുഴുവന്‍ കോളജുകള്‍ക്കും ബാധകമായ നിര്‍ദേശങ്ങളാണ് കമ്മിറ്റി പുറപ്പെടുവിച്ചത്.
കോളജുകള്‍ക്ക് ലഭിച്ച ഓരോ അപേക്ഷയുടെയും വിവരങ്ങള്‍, അപേക്ഷയിലെ പിഴവുകള്‍, പിഴവ് പരിഹരിക്കാന്‍ അവസരം നല്‍കിയതിന്റെ വിവരങ്ങള്‍, പിഴവ് പരിഹരിച്ചവ, യോഗ്യരായ അപേക്ഷകരുടെ പട്ടിക, നിരസിച്ച അപേക്ഷകരുടെ പട്ടിക, മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വാട്ട സീറ്റുകളില്‍ പ്രവേശനയോഗ്യത നേടിയവരുടെ പട്ടിക നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത് എന്നിവ അടിയന്തരമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം.
പരാതിക്കാരേയും ബന്ധപ്പെട്ട കോളജ് അധികൃതരേയും ജയിംസ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കോളജുകളിലെ പ്രവേശന നടപടികള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. നിസാരകാര്യങ്ങള്‍ പറഞ്ഞാണു പല കോളജുകളും അപേക്ഷ നിരസിച്ചത്. അപേക്ഷയിലെ പിഴവു തിരുത്താന്‍ അവസരം നല്‍കണമെന്ന് ജയിംസ് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും പല കോളജുകളും അവസരം നല്‍കിയില്ല. ഇതോടെയാണു പരാതി പ്രളയമുണ്ടായത്. 17 വരെ 521 പരാതികളാണു ലഭിച്ചത്. ഇതില്‍ പൊതുവായ പരാതികള്‍ക്കാണ് കമ്മിറ്റി ഇതിനകം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മറ്റുള്ളവയില്‍ ഇന്നു തീര്‍പ്പുകല്‍പ്പിക്കും.
വന്‍ തുക വാങ്ങി പ്രവേശനം നടത്താനുള്ള മാനേജ്‌മെന്റുകളുടെ നീക്കത്തിന് തടയിടാന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് 26നു മുന്‍പു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
സര്‍ക്കാര്‍ സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് എന്‍ട്രന്‍സ് കമ്മിഷണര്‍ അലോട്ട്‌മെന്റ് നടത്തുന്നത്. അവശേഷിക്കുന്ന സീറ്റുകളിലേക്ക് നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തുക.
ഇത് മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കാനാണ് ജയിംസ് കമ്മിറ്റിയുടെ നീക്കം. മുന്‍ വര്‍ഷങ്ങളില്‍ വന്‍ തുക വാങ്ങി മാനേജ്‌മെന്റുകള്‍ അവസാന സമയം വില്‍പന നടത്തിയിരുന്ന സീറ്റുകളില്‍ പിടിമുറുക്കാനാണ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."