ഏലക്കാ മോഷണം: പ്രതികള്‍ പൊലിസ് പിടിയില്‍
രാജാക്കാട്: ബൈസണ്‍വാലി, പൊട്ടന്‍കാട് മേഖലയില്‍ വ്യാപകമായി ഏലയ്ക്കാ മോഷണം നടത്തിയ പ്രതികള്‍ പൊലിസ് പിടിയില്‍. പൊട്ടന്‍കാട് സ്വദേശികളായ സ്‌കറിയ, മനോജ് എന്നിവരാണ് രാജാക്കാട് പൊലിസിന്റെ പിടിയിലായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും പ്രതികള്‍ പറിച്ച് കടത്തിയത് 150 കിലോ ഏലക്കയാണ്.
ബൈസണ്‍വാലി പഞ്ചായത്തിലെ പൊട്ടന്‍കാട് മേഖലയില്‍ നിന്നും വ്യാപകമായി ഏലയ്ക്കാ മോഷണം പോകുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് രാജാക്കാട് സ്റ്റേഷനില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചാം തീയതി പൊട്ടന്‍കാട്ടിലെ അറയ്ക്കല്‍ ജോസഫ് മാത്യുവിന്റെ തോട്ടത്തില്‍ നിന്നും ഏലയ്ക്കാ മോഷണം പോകുന്നത്. തുടര്‍ന്ന് ജോസഫ് മാത്യു രാജാക്കാട് പൊലിസില്‍ പരാതി നല്‍ക്കുകയായിരുന്നു.
ഏലയ്ക്കാ വ്യാപാരം നടത്തുന്ന കടകളില്‍ സംശയകരമായ രീതിയില്‍ എത്തുന്നവരെ സംബന്ധിച്ച് അറിയിക്കണമെന്ന് പൊലിസ് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയാണ് പ്രതികള്‍ ഉണക്കാത്ത ഏലക്കാ വില്‍ക്കുന്നതിനായി കുഞ്ചിത്തണ്ണിയിലെ വ്യാപാര സ്ഥാപനത്തില്‍ എത്തുന്നത്. ഈ വിവരം വ്യാപാരി പൊലിസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലിസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ മുങ്ങുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊട്ടന്‍കാട് സ്വദേശികളായ പെരിങ്ങാട്ട് മലയില്‍ സ്‌കറിയാ തോമസും, മാന്തോട്ടത്തില്‍ മനോജുമാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ പൊട്ടന്‍കാട് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രാജാക്കാട് എസ് ഐ ജി വിഷ്ണു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ തോമസ്, ജോര്‍ജ്ജ് കുര്യന്‍, രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."