തൊടുപുഴയിലെ കവര്‍ച്ച; സൂത്രധാരന്‍ മോഷണക്കേസില്‍ സ്ഥലം വിട്ട ഒഡീഷാ സ്വദേശി അന്വേഷണ സംഘം ഒഡീഷയില്‍
തൊടുപുഴ: നഗരത്തില്‍ പമ്പുടമയുടെ വീട് ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി തൊടുപുഴയിലെ ഒരു സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മോഷണത്തിന്റെ പേരില്‍ നാടുവിട്ടയാളാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഒഡീഷ സ്വദേശി ചിഞ്ചു കര്‍ക്കറെയാണ് നാലംഗ കവര്‍ച്ചാ സംഘത്തിന്റെ തലവനെന്നാണ് പൊലിസ് നിഗമനം. ഇവരെ തേടി പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലെ റായ്ഗഡിലെത്തി. കവര്‍ച്ച നടന്ന പമ്പുടമ ബാലചന്ദ്രന്റെ വീടിന് സമീപത്തെ ഹോളോബ്രിക്‌സ് യൂനിറ്റില്‍ ജോലി ചെയ്തിരുന്ന ഇയാളെ ഏതാനും മാസങ്ങള്‍ മുമ്പ് മോഷണത്തിന്റെ പേരില്‍ പിരിച്ചുവിടുകയായിരുന്നു.
ബാലചന്ദ്രന്റെ വീട്ടില്‍ പെട്രോള്‍ ബങ്കിലെ കലക്ഷന്‍ സൂക്ഷിക്കുന്ന വിവരം ഇയാള്‍ക്കറിയാമായിരുന്നു. മറ്റൊരു പ്രതിയായ രമേഷിനെ കൂട്ടുപിടിച്ച് കവര്‍ച്ച ആസുത്രണം ചെയ്തത് ഇയാളാണ്. വീട്ടുടമയെയും ഭാര്യയെയും കെട്ടിയിട്ട കവര്‍ച്ചാ സംഘം ആദ്യം ചോദിച്ചത് പണപ്പൊതി എവിടെയെന്നാണ്.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ ജോബിന്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് ഒഡീഷയിലെത്തിയത്. റായ്ഗഡിനടുത്ത് മുനിഗുഡ ഗ്രാമത്തിലുളളവരാണ് പ്രതികള്‍ എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. രമേഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഒഡിഷയിലാണ് ഉള്ളതെന്ന വിവരം പൊലിസിന് ലഭിച്ചത്. ഇയാള്‍ ദല്‍ഹിയിലെ അസം സ്വദേശിനിയായ കാമുകിയെ വിളിച്ചതാണ് അന്വേഷണത്തിലെ തുമ്പായി മാറിയത്.
പ്രതികള്‍ താമസിക്കുന്ന ഗ്രാമം ശക്തമായ മാവോയിസ്റ്റ് പ്രവര്‍ത്തനം ഉള്ള സ്ഥലമായതിനാല്‍ വളരെ കരുതലോടെയാണ് നീങ്ങുന്നതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. പ്രാദേശിക പൊലിസിന്റെ പ്രവര്‍ത്തനം അത്ര ശക്തമല്ലാത്ത പ്രദേശമായതിനാല്‍ അവരെ അറിയിക്കാതെയുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. അതേ സമയം ആവശ്യം വന്നാല്‍ പൊലിസിന്റെ സഹായം ലഭ്യമാക്കുന്നതിനായി കേരളത്തിലേയും ഒഡീഷയിലേയും ഉന്നതതല പൊലിസുദ്യോഗസ്ഥര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് തൊടുപുഴ നഗരത്തിലെ പെട്രോള്‍ പമ്പ് ഉടമയും വ്യാപാരിയുമായ ബാലചന്ദ്രന്‍, ഭാര്യ ശ്രീജ എന്നിവരെ വീട്ടില്‍നിന്ന് വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് അഞ്ചര പവനും 1.70 ലക്ഷവും കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം മോഷ്ടാക്കള്‍ മടങ്ങുന്ന ചിത്രങ്ങള്‍ തൊടുപുഴ നഗരത്തില്‍ സ്ഥാപിച്ച സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. കവര്‍ച്ചക്കാരുടെ ആക്രമണത്തിനിരയായ ദമ്പതികള്‍ ഇതുവരെ ആശുപത്രി വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."