തട്ടിക്കൊണ്ടുപോയി കവര്‍ച്ച: പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: പയ്യാമ്പലത്തെ റിസോര്‍ട്ട് ഉടമ പി.പി അംജാദിനെ (27) കാറില്‍ തട്ടിക്കൊണ്ടുപോയി പണവും വാച്ചും കവര്‍ന്ന സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശിയടക്കമുള്ള പ്രതികളെയാണു തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ നിന്നാണ് അംജാദിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോയത്.
രാത്രി റിസോര്‍ട്ടിലെത്തിയ അഞ്ചംഗസംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. കൈയില്‍ പണമില്ലെന്നു പറഞ്ഞെങ്കിലും അഞ്ചംഗസംഘം എ.ടി.എം കൗണ്ടറില്‍ നിന്നു പണം എടുത്തുതരണമെന്ന് ആവശ്യപ്പെട്ട് ബലമായി കാറില്‍ കയറ്റുകയായിരുന്നു. അംജാദിനെ കാറില്‍ കയറ്റിയ സംഘം ആയിക്കരയിലെ എ.ടി.എമ്മിനു മുന്‍വശത്ത് കാര്‍ നിര്‍ത്തി. ഇതിനിടെ കാറിലുണ്ടായിരുന്ന അംജാദ് ബഹളംവച്ചു.
ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കാറില്‍ നിന്നു അഞ്ചംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. 80,000 രൂപ വിലവരുന്ന വാച്ചും 1000 ദിര്‍ഹവുമാണു കവര്‍ന്നത്. അന്‍ജാദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണു ടൗണ്‍ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."