പി.പി മുകുന്ദന് അവഗണന: ബി.ജെ.പിയിലെ വിഭാഗീയതയുടെ ബാക്കിപത്രം
കോഴിക്കോട്: മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.പി മുകുന്ദനെ കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുപ്പിക്കാത്തത് സംസ്ഥാന ഘടകത്തിലെ വിഭാഗീയതയെ തുടര്‍ന്ന്.
തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നുകാട്ടി പി.പി മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ക്കു പരാതി അയച്ചു. മുകുന്ദനെ അവഗണിക്കുന്നതില്‍ ആര്‍.എസ്.എസും അതൃപ്തി അറിയിച്ചിട്ടുണ്ട്. ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലേക്കോ അനുബന്ധ പരിപാടികള്‍ക്കോ പഴയ നേതാക്കളെ ആദരിക്കുന്ന ചടങ്ങിനോ മുകുന്ദനെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലും ശക്തമാണ്.
ഇതു സംബന്ധിച്ച് ആര്‍.എസ്.എസ് നേതാക്കള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി ആശയവിനിമയം നടത്തി. ദേശീയ സമ്മേളനത്തിനിടയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനില്ലെന്ന കുമ്മനത്തിന്റെ നിലപാടിനെ തള്ളി കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസിലെ മുകുന്ദന്‍ അനുകൂലികള്‍.
ചരിത്രപ്രധാനമെന്ന് പാര്‍ട്ടി തന്നെ പ്രഖ്യാപിച്ച ദീന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് മുകുന്ദനെ മാറ്റിനിര്‍ത്തിയത് നീതീകരിക്കാന്‍ ആവില്ലെന്നാണ് ഇവരുടെ നിലപാട്.
മുകുന്ദനെതിരായ നീക്കത്തിനു പിന്നില്‍ രണ്ടു മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരാണെന്നും മുകുന്ദനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച പരിപാടിയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയെന്നു മുകുന്ദന്‍ കഴിഞ്ഞദിവസം തന്നെ മോദിയെ അറിയിച്ചിരുന്നു. മോദിക്ക് അയച്ച ജന്മദിന സന്ദേശത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിവരവും ഉള്‍ക്കൊള്ളിച്ചത്. പി.കെ കൃഷ്ണദാസിന്റെ പിന്തുണയോടെ വി. മുരളീധരന്‍ പക്ഷമാണ് പി.പി മുകുന്ദനെ പാര്‍ട്ടിയില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള നീക്കം നടത്തുന്നത്.
പി.പി മുകുന്ദന്‍ പാര്‍ട്ടിയില്‍ സജീവമായാല്‍ തങ്ങള്‍ക്കു തിരിച്ചടിയാവുമെന്ന ഈ നേതാക്കളുടെ ഭയമാണ് ഇതിനു പിന്നിലെന്ന് മുകുന്ദനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നിരവധി പരിപാടികള്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പരിപാടിയില്‍ ഒന്നില്‍പ്പോലും മുകുന്ദനു ക്ഷണമില്ലെന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ളയ്ക്കു ജനസംഘത്തിന്റെ അന്‍പതു വര്‍ഷം മുന്‍പത്തെ സമ്മേളന ഓര്‍മക്കായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കു ക്ഷണമുണ്ട്. മോദി പങ്കെടുക്കുന്ന പരിപാടിയാണിത്.
എന്നാല്‍ ജനസംഘം സമ്മേളനവുമായി പി.പി മുകുന്ദനു ബന്ധമില്ലാത്തതു കൊണ്ടാണ് അതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാത്തതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്.
ആര്‍.എസ്.എസ് നിര്‍ദേശപ്രകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പു മുകുന്ദനെയും രാമന്‍പിള്ളയെയും ബി.ജെ പിയില്‍ തിരിച്ചെടുത്തത്. തെരഞ്ഞെടുപ്പിനുശേഷം മുകുന്ദനെ ഒരു തരത്തിലും പാര്‍ട്ടിയുമായി സഹകരിപ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."