മദ്യനയം: പ്രത്യേക യോഗം ചേരാന്‍ ഇടതുമുന്നണി തീരുമാനം
തിരുവനന്തപുരം: മദ്യനയത്തില്‍ പ്രത്യേകം ചര്‍ച്ച നടത്താന്‍ എല്‍.ഡി.എഫ് തീരുമാനം. മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വേണോയെന്ന വിഷയത്തില്‍ ഓരോ ഘടകകക്ഷികളും പ്രത്യേകം യോഗം ചേര്‍ന്നു ചര്‍ച്ച നടത്തും. തുടര്‍ന്ന് മദ്യനയത്തില്‍ സ്വീകരിക്കേണ്ട പൊതുനിലപാടിനെക്കുറിച്ച് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യും. നിലവിലെ മദ്യനയ പ്രകാരം ഒക്ടോബറോടെ പത്തു ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരുന്ന സാഹചര്യത്തിലാണ് മദ്യനയത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ എല്‍.ഡി.എഫ് യോഗം ചേരുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തുടരില്ലെന്നു ഭരണമേറ്റെടുത്തയുടന്‍ തന്നെ ഇടതു നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജനമെന്നതാണു നയമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയിലും പ്രഖ്യാപിച്ചിരുന്നു.
ഇനിമുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്നാണ് എല്‍.ഡി.എഫിലെ പൊതുവികാരം. കൂടാതെ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ആവശ്യവും മുന്നണിക്കകത്ത് ഉയര്‍ന്നു. ഈ സാഹചര്യത്തിലാണു മദ്യനയം വിശദമായി ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം ചേരാന്‍ തീരുമാനിച്ചത്.
നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. വീട് വയ്ക്കുന്നതിനു നഗരങ്ങളില്‍ അഞ്ചു സെന്റ് വരെയും ഗ്രാമങ്ങളില്‍ പത്തു സെന്റ് വരെയും പ്രത്യേക അനുമതി വാങ്ങി വയല്‍ നികത്താന്‍ അനുമതി നല്‍കും.
2008ന് മുന്‍പു നികത്തിയ നിലങ്ങള്‍ക്കു അംഗീകാരം നല്‍കാനും അതിനു ശേഷമുള്ളവ കര്‍ശനമായി തടയാനുമാണ് എല്‍.ഡി.എഫ് നിര്‍ദേശിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റാനും കോര്‍പറേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ധാരണയായി. വിവരാവകാശ കമ്മിഷനംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനും യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി:
വിശദപഠനം നടത്തും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുന:സംഘടിപ്പിക്കുന്നതിനു വിശദപഠനം നടത്താന്‍ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. സുശീല്‍ ഖന്നയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാന ഓഡിറ്റ് വകുപ്പിലെ താഴ്ന്ന വിഭാഗം തസ്തികകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഐ.എ.എസില്‍ നിന്നു വിരമിച്ച സി. രഘുവിനെ നിലവിലുള്ള പുനര്‍നിയമന വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഡയറക്ടറായി രണ്ടുവര്‍ഷത്തേക്കു നിയമിച്ചു. ഈവര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവു കൂടാതെ യൂനിഫോമിനായി 400 രൂപവീതം നല്‍കും. ഇതിനു 60 കോടി രൂപ ചെലവാകും.
വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി.എം.എം.സി കോഴ്‌സിന് രണ്ടു അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. മാള കാര്‍മല്‍ കോളജില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ശ്രുതിക്ക് പ്രത്യേക കേസായി പരിഗണിച്ച് ഓഫിസ് അറ്റന്ററായി ജോലി നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."