സംസ്ഥാനത്ത് ഈ വര്‍ഷം ഉണ്ടായത് നാലു വ്യത്യസ്ത ട്രെയിന്‍ അപകടങ്ങള്‍
കൊല്ലം: സംസ്ഥാനത്തു അടിക്കടിയുണ്ടാകുന്ന ട്രെയിനപകടങ്ങള്‍ക്കു പിന്നില്‍ അട്ടിമറിയാണെന്ന സംശയം ഉയരുന്നതിനിടെ ഭീതി വിട്ടൊഴിയാതെ ട്രെയിന്‍ യാത്രികര്‍. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളിക്കു സമീപം വീണ്ടും അപകടം ഉണ്ടായത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളംതെറ്റിയത്. ചരക്കുവണ്ടിക്കു പകരം പാസഞ്ചര്‍ ട്രെയിനായിരുന്നു വന്നതെങ്കില്‍ വന്‍ അത്യാഹിതത്തിനു കാരണമായേനെ.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ഗുഡ്‌സ് ട്രെയിനപകടത്തോടെ ഈ വര്‍ഷം കന്യാകുമാരിക്കും കാസര്‍കോടിനുമിടയിലുണ്ടായതു നാലു വ്യത്യസ്ത അപകടങ്ങളാണ്.മെയ് മാസത്തില്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയിലും ജൂണില്‍ പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലും ഓഗസ്റ്റില്‍ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് അങ്കമാലി കറുകുറ്റിയിലും അപകടത്തില്‍പ്പെട്ടിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തും.
കന്യാകുമാരിയില്‍ നിന്ന് കനത്തമഴയില്‍ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണതായിരുന്നു അപകടത്തിനു കാരണം. നാഗര്‍കോവില്‍-തിരുവനന്തപുരം ഒറ്റവരി പാതയായതിനാല്‍ അപകടത്തെ തുടര്‍ന്നു ഇതുവഴിയുള്ള യാത്ര മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. ജൂണ്‍ രണ്ടാംവാരത്തിലായിരുന്നു പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പാളംതെറ്റിയത്. പ്ലാറ്റ്‌ഫോമില്‍ തന്നെയായിരുന്നു തീവണ്ടി പാളംതെറ്റിയത്. ഇവിടെയും ആളപായമുണ്ടായില്ല. ട്രെയിനിന്റെ ആക്‌സില്‍ കുടുങ്ങിയതാണ് അപകടകാരണമെന്നായിരുന്നു നിഗമനം. പ്രധാന ലൈനില്‍ തന്നെയായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഓഗസ്റ്റ് 28നായിരുന്നു തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പാളംതെറ്റിയത്. അതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗാതഗതം താറുമാറാകുകയും ചെയ്തു. 27 ട്രെയിനുകളായിരുന്നു അന്നു റദ്ദാക്കിയത്. എറണാകുളത്തു നിന്നും വടക്കോട്ടുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തു. അപകടത്തില്‍ ട്രെയിനിന്റെ 12 കോച്ചുകളാണ് പാളംതെറ്റിയത്. തുടര്‍ന്ന് അന്വേഷണത്തിനു റെയില്‍വേ നാലംഗ സംഘത്തെയും നിയോഗിച്ചിരുന്നു. ട്രെയിന്‍ പാളംതെറ്റിയ സമയത്തു എതിര്‍ ട്രാക്കുവഴി ചെന്നൈ എക്‌സ്പ്രസ് വരുന്നുണ്ടായിരുന്നു. ഈ ട്രെയിന്‍ നിര്‍ത്താനായതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
എന്നാല്‍, കറുകുറ്റി അപകടത്തിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു റെയില്‍വേ കണ്ടെത്തിയിരുന്നു. പാളം നേരത്തെ തകരാറിലായിരുന്നതായും ഇതു പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഈ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളും ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."