കെ.എസ്.ഇ.ബി കോവൂര്‍ സെക്ഷനില്‍ പണമടക്കാനുള്ള യന്ത്രം ഏര്‍പ്പെടുത്തി
ചേവായൂര്‍: വൈദ്യുതി വകുപ്പിന്റെ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ കോവൂര്‍ സെക്ഷനില്‍ സജ്ജമായി. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തിയ മൂന്ന് മെഷീനുകളില്‍ ഒന്നാണ് മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതി വകുപ്പിന്റെ കോവൂര്‍ സെക്ഷനില്‍ സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് മറ്റു രണ്ടെണ്ണം പ്രവര്‍ത്തിപ്പിക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ തന്നെ മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളുള്ള സെക്ഷനാണ് കോവൂര്‍ സെക്ഷന്‍. ബില്‍ തുകക്ക് കണക്കായി നോട്ടുകള്‍ ഓരോന്ന് വീതം നിക്ഷേപിക്കുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി. എ.ടി.എം കൗണ്ടറിന്റെ മാതൃകയില്‍ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബില്‍തുകയ്ക്ക് കണക്കായ ചെക്കുകളും മെഷീനില്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. പണമായാലും ചെക്കായാലും അല്‍പസമയത്തിനുള്ളില്‍ തന്നെ രശീതിയും ഉപഭോക്താവിന് ലഭിക്കുന്ന രീതിയിലാണ് മെഷീന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ചെയ്യുന്നതിന്റെ പ്രവര്‍ത്തനം നടന്നുവരികയാണെന്നും അത് പൂര്‍ത്തിയായാല്‍ മെഷീന്റെ ഉദ്ഘാടനം നടത്തുമെന്നും വൈദ്യുതി വകുപ്പ് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന മൂന്ന് മെഷീനുകളും വിജയകരമായ പ്രവര്‍ത്തനം നടത്തുന്ന പക്ഷം കൂടുതല്‍ സ്ഥലങ്ങളില്‍ മെഷീന്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് ആലോചിപ്പിക്കുന്നുണ്ടെന്നും വൈദ്യുതി വകുപ്പ് കോഴിക്കോട് നോര്‍ത്ത് റീജ്യനല്‍ ചീഫ് എഞ്ചിനീയര്‍ കുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."