പാലക്കാട് നിന്നും തൃശ്ശൂരിലേയ്ക്ക് സ്ഥിരം ട്രെയിനില്ല; യാത്രക്കാര്‍ ദുരിതത്തില്‍
ഒലവക്കോട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തൃശ്ശൂരിലേക്ക് സ്ഥിരം സര്‍വിസ് ഇല്ലാത്തതിനാല്‍ തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രയാസം ഏറെ. അടുത്തമാസം നിലവില്‍വരുന്ന പുതിയ സമയക്രമത്തില്‍ മാത്രമാണ് യാത്രക്കാരുടെ ഏക പ്രതീക്ഷ.
നിലവില്‍ പാലക്കാട് നിന്നുള്ള എറണാകുളം മെമുവും വൈകീട്ട് കോയമ്പത്തൂര്‍ നിന്നുള്ള തൃശ്ശൂര്‍ പാസഞ്ചറും ഒഴിച്ചാല്‍ പിന്നീട് യാത്രക്ക് ആശ്രയിക്കേണ്ടതെല്ലാം ദീര്‍ഘദൂരം സര്‍വിസ് നടത്തുന്ന എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണെന്നതിനാല്‍ യാത്ര ഏറെ ദുഷ്‌കരമാണ്.
എന്നാല്‍ ഒരു പരിഹാരവും റെയില്‍വേ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിരാവിലെ പാലക്കാട്ടുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രയാണ് പ്രശ്‌നം. 5.25ന് ആലപ്പുഴ എക്‌സ്പ്രസ് കഴിഞ്ഞാല്‍ 6.25ന് കേരള എക്‌സ്പ്രസ്സാണ് ഇപ്പോഴുള്ളത്. ഇതിനിടയ്ക്ക് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ 5.50നുള്ള നിലമ്പൂര്‍ പാസഞ്ചറില്‍ കയറി ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങി മാറിയാണ് യാത്ര ചെയ്യുക.
ന്യൂഡല്‍ഹിയില്‍ നിന്നുള്ള തീവണ്ടിയായതുകൊണ്ട് ഇത് പലപ്പോഴും വൈകിയാണ് എത്തുക. കേരള എക്‌സ്പ്രസ്സില്‍ തിരക്കും അതിരൂക്ഷമാണ്. 5.25നുള്ള തീവണ്ടി പിടിക്കാന്‍ നഗരത്തില്‍ നിന്ന് ഒലവക്കോട്ടെത്തുകയും എളുപ്പമല്ല.
8.15നുള്ള പാലക്കാട് - എറണാകുളം മെമുവാണ് പിന്നീടുള്ള വണ്ടി. ഇത് തൃശ്ശൂരില്‍ 10 മണിക്കും എറണാകുളത്ത് 12.30നും എത്തും. 9 മണിക്ക് എത്തുന്ന പ്രതിവാരതീവണ്ടികളും 9.55ന് ശബരി എക്‌സ്പ്രസ്സുമാണ് ഇപ്പോഴുള്ളത്. രണ്ടുവര്‍ഷം മുന്‍പുവരെ ബെംഗളൂരു - കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് രാവിലെ 6.50ന് പാലക്കാട്ടുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുണ്ടായിരുന്നു. ഈ തീവണ്ടി സമയം മാറ്റി 4.30ന് ആക്കിയതോടെയാണ് സ്ഥിരം യാത്രക്കാര്‍ ദുരിതത്തിലായത്. മെമു തീവണ്ടി 7 മണിക്കാക്കുകയോ ഐലന്‍ഡ് എക്‌സ്പ്രസ്സിന്റെ പഴയസമയത്ത് മെമു തീവണ്ടി ഓടിക്കുകയോ ആണ് ഇതിനൊരു പരിഹാരം.
മെമു അറ്റകുറ്റപ്പണി ചൊവ്വാഴ്ചയില്‍നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റുന്നത് ജോലിക്കാരായ യാത്രക്കാര്‍ക്ക് പ്രയോജനകരമാവും. തൃശ്ശൂരില്‍ നിന്ന് വൈകീട്ട് 4.40നാണ് മെമു ഇപ്പോള്‍ പാലക്കാട്ടേക്ക് പുറപ്പെടുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ജോലിക്കാര്‍ക്ക് ഈ തീവണ്ടികൊണ്ട് ഒരു പ്രയോജനവുമില്ല. കേരള എക്‌സ്പ്രസ് 5.03ന് തൃശ്ശൂരില്‍ നിന്ന് പുറപ്പെടും.ഈ തീവണ്ടിയില്‍ കാലുകുത്താനിടമില്ലാത്തവിധമാണ് തിരക്ക്. 6.53നാണ് തൃശ്ശൂരില്‍ നിന്ന് പാലക്കാട്ടേക്ക് പിന്നീടുള്ള വണ്ടി. മെമുവിന്റെ സമയം തൃശ്ശൂരില്‍ 5.15ന് ശേഷമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് കാലങ്ങളായെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.
കേരള എക്‌സ്പ്രസ്സിലെ എസ് 8 കോച്ച് പാലക്കാട്ടുവരെ ഡീ റിസര്‍വ്ഡ് ആക്കിയാല്‍ അല്പം ആശ്വാസമാകുമെന്നും സ്ഥിരം യാത്രക്കാര്‍ പറയുന്നു. തൃശ്ശൂരില്‍ നിന്ന് 10.20ന് ബെംഗളൂരു ഇന്റര്‍സിറ്റി കഴിഞ്ഞാല്‍ 11.45നുള്ള പ്രതിവാര തീവണ്ടികളെല്ലാം ഷൊര്‍ണൂര്‍വഴിയാണ് പാലക്കാട്ടെത്തുക.
എന്‍ജിന്‍ മാറ്റിവരേണ്ടതിനാല്‍ സമയനഷ്ടവുമുണ്ട്. ഒരു മണിക്ക് തൃശ്ശൂരില്‍നിന്ന് പുറപ്പെടുന്ന ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വഴി 3.15നാണ് പാലക്കാട്ടെത്തുക. 2.50നുള്ള മുംബൈ സി.എസ്.ടിയാണ് പിന്നീട് തൃശ്ശൂരില്‍നിന്ന് നേരിട്ട് പാലക്കാട്ടേക്കുള്ള ഏക തീവണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."