പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നില്ല
വെങ്കിടങ്ങ്: കാനോലി കനാലിന്റെ തീരദേശ റോഡില്‍ സ്ഥിതി ചെയ്യുന്ന വെങ്കിടങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാളിതുവരെയായി കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.
പതിനഞ്ച് വര്‍ഷം മുമ്പ് കിടത്തി ചികിത്സ ഉദ്ഘാടനം നടന്നിരുന്നെങ്കിലും ഡോക്ടര്‍മാര്‍ക്കുള്ള കോര്‍ട്ടേഴ്‌സ് ഇല്ല എന്ന കാരണത്താല്‍ മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ 25 ലക്ഷം രൂപ ചെലവില്‍ ഡോക്ടര്‍മാര്‍ക്കുള്ള കോര്‍ട്ടേഴ്‌സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ടില്‍ നിന്ന് ലാബിന്റെ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ 10 കിടക്കകളാണ് വെറുതെ കിടക്കുന്നത്.
നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചാര്‍ജുണ്ട്. രണ്ട് കിലോമീറ്റര്‍ അകലെ എം.പി ഫണ്ടില്‍ നിന്നും 11.25 ലക്ഷം രൂപ ചെലവഴിച്ച് പണിത ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഒരു സബ് സെന്റര്‍ വെറുതെ കിടക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയിലുള്ള ഈ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുകയും സബ്ബ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്താല്‍ ഉള്‍നാടന്‍ ഗ്രാമത്തിനിത് ഏറെ ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."