ഓണം കഴിഞ്ഞിട്ടും വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി അജ്ഞാതര്‍
മണ്ണഞ്ചേരി : ഓണനാളുകളില്‍ തുടങ്ങിയ പൂക്കളമൊരുക്കല്‍അജ്ഞാതര്‍ അവസാനിപ്പിക്കുന്നില്ല. നഗരത്തിന് വടക്കുള്ള ആര്യാട് ഗ്രാമപഞ്ചായത്തിലെ വ്യാസപുരം ഭാഗത്താണ് ആദ്യം കൗതുകത്തോടും ഇപ്പോള്‍ ആശങ്കനിറഞ്ഞതുമായ പൂക്കളമൊരുക്കല്‍ വീട്ടുമുറ്റങ്ങളില്‍ തുടരുന്നത്. ചിങ്ങമാസത്തിലെ അത്തം നാളിന്റെ പുലര്‍ച്ചയാണ് അജ്ഞാതരുടെ ആഘോഷത്തിന് തുടക്കംകുറിച്ചത്.
വ്യാസപുരം,ശാസ്ത്രിപുരം ഭാഗങ്ങളിലെ വീടുകളാണ് ഇതിനായി ഇത്തരക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്. സമീപത്തെ വീടുകളില്‍ നിന്നുള്ള പൂവ്,കായ്,ഇല എന്നിവ ശേഖരിച്ചാണ് കലാവിരുത് ്. ഒന്നിലധികം പേരാണ് ഈസംഘത്തിലുള്ളതെന്ന് കാല്‍പാടുകളില്‍ നിന്നും വ്യക്തമാകുന്നതായി പരാതിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കയര്‍ ഫാക്ടറിയുടമയായ നികര്‍ത്തില്‍ ലൈജു,കൈതത്തില്‍ ക്ഷേത്രജീവനക്കാരനായ കൊല്ലാപറമ്പില്‍ മുരളി,വാടകവീട്ടിലെ താമസക്കാരനായ സബീര്‍,പച്ചക്കറി വ്യാപാരിയായ റഷീദ്,ഓട്ടോറിക്ഷ തൊഴിലാളിയായ കൊല്ലാപറമ്പില്‍ ബൈജു എന്നിവരുടെ വീട്ടുമുറ്റങ്ങളിലാണ് പലപ്പോഴായി രാത്രികാലത്ത് പൂക്കളം ഒരുക്കുന്നത്. ഇതില്‍ ലൈജു,മുരളി എന്നിവരുടെ വീട്ടുമുറ്റങ്ങളിലാണ് മുടക്കംകൂടാതെ പൂക്കളം ഇടാനായി സംഘം എത്തുന്നത്. പലപ്പോഴായി ഇത്തരക്കാരെ പിടികൂടാന്‍ വീട്ടുകാര്‍ ഉറക്കമൊഴിച്ചെങ്കിലും ഇവരുടെ ശ്രദ്ധമാറുന്ന നേരത്ത് വീട്ടുമുറ്റത്ത് പൂക്കളം റെഡിയാക്കി സംഘം കടന്നിരിക്കും. കുറച്ചുനാളായി ഈ പ്രദേശത്തുള്ള വീടുകളിലെ ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രൊള്‍ ഊറ്റലും വാഹനങ്ങളുടെ ചക്രങ്ങളില്‍നിന്നും കാറ്റഴിച്ചുവിടലും വ്യാപകമായിരുന്നു. നാട്ടുകാര്‍ ആലപ്പുഴ നോര്‍ത്ത് പൊലീസിന് പരാതിനല്‍കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."