പോത്തുകളെ കുത്തിനിറച്ച ലോറി മറിഞ്ഞു; ഒന്‍പത് പോത്തുകള്‍ ചത്തു
തളിപ്പറമ്പ്: ദേശീയപാത കോരന്‍പീടികയില്‍ പോത്തുകളെ കയറ്റിയ ലോറി മറിഞ്ഞ് ഒന്‍പതു പോത്തുകള്‍ ചത്തു. 16 പൊത്തുകള്‍ക്കു പരുക്കേറ്റു. ദേശീയപാത കോരന്‍പീടികയിലെ നന്മഠം ക്ഷേത്രത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് അപകടം. തൃശ്ശൂരില്‍ നിന്നും കാഞ്ഞങ്ങാടേക്കു പോത്തുകളെ കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്കു മറിയുകയായിരുന്നു.
അപകടത്തില്‍ ലോറി ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി വാണിയംകുളം അങ്ങാടി രാമസ്വാമി (48)യെ ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഫയര്‍സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ നാലു മണിക്കൂറിലേറെ പരിശ്രമിച്ചാണ് മറിഞ്ഞ ലോറിയില്‍ നിന്നും പോത്തുകളെ പുറത്തെടുത്ത്. 26 പോത്തുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചത്.
എന്നാല്‍ ഇതിലുമേറെ പോത്തുകളെ കുത്തിനിറച്ചതാണ് ഇത്രയധികം പോത്തുകള്‍ ചാകാനിടയാക്കിയതെന്ന ആരോപണമുണ്ട്.
ചത്ത പോത്തുകളെയും പരുക്കേറ്റവയെയും സംഭവ സ്ഥലത്തുനിന്നും പെട്ടെന്ന് നീക്കം ചെയ്തത് ദുരൂഹമാണ്. അതേസമയം, അനുവദനീയമായതിലും അധികം പോത്തുകളെ കുത്തിനിറച്ചുകൊണ്ടുപോയതിനും അപകടം വരുത്തിവെച്ചതിനും ലോറിയുടമയുടെയും ഡ്രൈവറുടെയും പേരില്‍ എസ്.പി.സി.എ നിയമപ്രകാരം കേസെടുത്തു.
മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്‍ഡ് ബോര്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികളുടെ പരാതി പ്രകാരമാണ് പരിയാരം പൊലിസ് കേസെടുത്തത്.
ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനു മറ്റൊരു കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."