ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട വി.എസ് അച്യുതാനന്ദനെതിരേ സി.പി.എം ലോക്കല്‍ കമ്മിറ്റി
പാലക്കാട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരേ സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി രംഗത്ത്.
മലമ്പുഴയിലെ ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസര വാസികള്‍ക്ക് വന്‍തോതില്‍ ഭീഷണിയാകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഏകദേശം ഒരു മാസം മുന്‍പ് വി.എസ് അച്യുതാനന്ദന്‍ ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചത്.
പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തിയ വി.എസ് ഇമേജ് പ്ലാന്റ് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് അത് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സന്ദര്‍ശനം പാര്‍ട്ടി അനുമതിയോടെയായിരുന്നില്ലെന്നും പ്ലാന്റ് ജനജീവിതത്തിന് ഭീഷണിയാകുന്നെന്ന പരാതി ഇതുവരെ നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാരോപിച്ചാണ് സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
വി.എസിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരേ നടപടി വേണമെന്നുമാണ് പുതുശ്ശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണറിയുന്നത്.
ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗം വി.എസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."