കാട്ടിലെ തടി തേവരുടെ ആന
പഴഞ്ചൊല്ലില്‍ പതിരില്ലെന്നാണു പറയാറെങ്കിലും എല്ലാ കാര്യത്തിലും അതു ശരിയാണെന്നു പറഞ്ഞുകൂടാ. ഉദാഹരണത്തിന്, 'അരിയെറിഞ്ഞാല്‍ ആയിരം കാക്ക' എന്നു നാം എഴുതിപ്പഠിച്ചു. എന്നാല്‍, ഇന്നു റേഷന്‍കടകളില്‍നിന്നു ലഭിക്കുന്ന പുഴുത്ത അരി പുറത്തേയ്‌ക്കെറിഞ്ഞുനോക്കൂ, ഒരു കാക്കപോലും തിരിഞ്ഞുനോക്കില്ല.
'മടിയന്‍ മല ചുമക്കും' എന്ന പഴമൊഴിക്കുമുണ്ട് ഈ വൈരുദ്ധ്യം. ചരിത്രത്തില്‍ എവിടെയും മടിയന്‍ മല ചുമന്നതായി കാണില്ല. മടിയനു മുന്നില്‍ മല ഉയരും. പക്ഷേ, മടിയന്‍ അതു ചുമക്കാനിറങ്ങില്ല. ആ മലയ്ക്കു മുകളില്‍ കയറിക്കിടക്കുകയാണു ചെയ്യുക.
'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നെഴുതി പഠിപ്പിച്ചിടത്തും ഈ വൈരുദ്ധ്യം കാണാം. കംപ്യൂട്ടര്‍യുഗത്തില്‍ ഏതെങ്കിലും കാലത്തു വിദ്യ തരപ്പെടുത്തിയതുകൊണ്ടു കാര്യമില്ലല്ലോ. അന്നന്നു നേടേണ്ട വിദ്യ അന്നന്നുതന്നെ നേടണം. അല്ലെങ്കില്‍ നേരത്തെ അതു നേടുന്നവന്‍ കോളടിക്കും.
അപ്പോള്‍, വിദ്യയല്ല, വാസ്തവത്തില്‍ ധനം സമയമാണ്. ഇതൊക്കെയാണെങ്കിലും ചില പഴമൊഴികള്‍ സ്ഥായിയായി നില്‍ക്കുന്നതു കാണാം. 'കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി' എന്ന പഴഞ്ചൊല്ലുണ്ടല്ലോ. ഇത് ആധുനികയുഗത്തില്‍ വന്നുനില്‍ക്കുന്നത് ഇന്നു സര്‍വസാധാരണമായ എ.ടി.എമ്മുകളിലാണെന്നു തോന്നുന്നു. ബാങ്കില്‍ നാം നിക്ഷേപിക്കുന്ന നമ്മുടെ പണം ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്ന യന്ത്രത്തിലൂടെ എവിടെനിന്നും ഏതു സമയത്തും പിന്‍വലിക്കാമെന്നതായിരുന്നു സൗകര്യം. എന്നാല്‍, ഇതു വ്യാപകമായി ആരോക്കെയോ തട്ടിക്കൊണ്ടുപോകുന്നതായാണു നിത്യേനേ വരുന്ന വാര്‍ത്തകള്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ ഫ്രെഡ്‌ജെന്റില്‍, ജാക്ക് വുചാങ്ങ് എന്നീ രണ്ടുപേര്‍ ചേര്‍ന്നു കണ്ടുപിടിച്ചതാണ് ഈ യന്ത്രസംവിധാനം. 1969 ല്‍ കെമിക്കല്‍ ബാങ്കാണ് ന്യൂയോര്‍ക്കിലെ റോക്ക് വില്ലിയില്‍ ഇതിനു തുടക്കമിടുന്നത്. ഏതാണ്ട് ഇതേസമയത്തുതന്നെ ലണ്ടനിലും കടന്നെത്തിയ എ.ടി.എം കുറ്റമറ്റ ബാങ്ക് സെക്യൂരിറ്റി സിസ്റ്റം ആയാണ് അറിയപ്പെട്ടത്.
ഇതു ലോകമെങ്ങും വ്യാപകമായതോടെ പട്ടണങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും എ.ടി.എം ബൂത്തുകള്‍കൊണ്ടു നിറഞ്ഞു. ഒരു കാര്‍ഡ് വീശി സ്വന്തം അക്കൗണ്ടില്‍നിന്നു ആവശ്യമുള്ള പണം എടുത്തു ഞൊടിയിടയില്‍ കൈയുംവീശി സ്ഥലം വിടാനുള്ള സൗകര്യം വ്യാപകമായതോടെ ആ സാങ്കേതിക വിദ്യയെ മറ്റൊരു വിദ്യകൊണ്ടു മറികടക്കാനുള്ള സൂത്രങ്ങളും പിറന്നു വീണിരിക്കുന്നു. ഒരിടത്തെ എ.ടി.എം പ്രവര്‍ത്തനം മറ്റൊരിടത്ത് നിന്നു നിയന്ത്രിക്കാമെന്നായി. ആഴിയുടെയും ആകാശത്തിന്റെയും അതിരുകള്‍ കടന്നു അന്യരാജ്യങ്ങളില്‍നിന്നുപോലും മറ്റുള്ളവരുടെ പണം കവരാമെന്ന നിലയിലേയ്ക്ക് അതു വ്യാപിക്കുകയും ചെയ്തു.
നേരത്തേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തുരന്നു പണംകവരലായിരുന്നു തട്ടിപ്പുകാരുടെ മാര്‍ഗം. ഇതില്‍ ക്യാമറകള്‍ക്കു മുന്നില്‍നിന്ന് രക്ഷപ്പെടല്‍ പ്രയാസമായിരുന്നു.
ഇതുമറികടക്കാന്‍ മോഷ്ടാക്കള്‍ പില്‍ക്കാലത്തു ക്യാമറ തകര്‍ത്തുകൊണ്ടുള്ള മോഷണം നടപ്പാക്കി. സെക്യൂരിറ്റിക്കാരെ വ്യാപകമായി നിയോഗിക്കാന്‍ ബാങ്കുകള്‍ സന്നദ്ധമായതോടെ ആ തലവേദനയ്ക്കും നല്ലൊരു പരിധിവരെ ഗുണം കണ്ടു.
എന്നാല്‍, രാജ്യാന്തര മാഫിയ വെറുതെ നിന്നില്ല. ബദല്‍യന്ത്രങ്ങളുമായി വിദേശങ്ങളില്‍നിന്നുതന്നെ അവര്‍ ഇടപെട്ടുതുടങ്ങിയതോടെ അരക്ഷിതത്വം വ്യാപിച്ചു. റുമേനിയക്കാരായ ഏതാനുംപേര്‍ തിരുവനന്തപുരത്തുവന്ന് എ.ടി.എമ്മില്‍ ബദല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയതായിരുന്നു കേരളത്തില്‍നിന്ന് ആദ്യംവന്ന റിപ്പോര്‍ട്ട്. അതിന്റെ അന്വേഷണം എവിടെയുമെത്താതെ നീങ്ങിക്കൊണ്ടിരിക്കെ കൂടുതല്‍ കേന്ദ്രങ്ങളില്‍നിന്നു പുതിയപുതിയ തട്ടിപ്പുകഥകളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു.
പത്രവാര്‍ത്തകളും പൊലിസ് ഇടപെടലും അന്വേഷണ ഉത്തരവുകളും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും നാം നിക്ഷേപിച്ച നമ്മുടെ പണം സ്വന്തം കാര്‍ഡ് ഭദ്രമായി കൈയിലുണ്ടായിരിക്കുമ്പോഴും സുരക്ഷിതമല്ലെന്ന നിലയിലേയ്ക്കാണു സംഗതികള്‍ നീങ്ങുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കുമെന്നു പറഞ്ഞു ചില ബാങ്കുകള്‍ നിക്ഷേപസൗഹൃദ പ്രസ്താവനകളിറക്കുന്നുണ്ട്. എന്നാല്‍, എ.ടി.എമ്മിലെ പണം തീര്‍ത്തും സുരക്ഷിമാണെന്നു ഉറപ്പുനല്‍കാന്‍ ബാങ്കുകള്‍ക്കു സാധിക്കുന്നില്ല.
ഇത് ആഗോളവ്യാപകമായ തട്ടിപ്പാണെന്നും അതിനു പിന്നില്‍ അന്താരാഷ്ട്രമാഫിയയുണ്ടെന്ന പ്രസ്താവനയിറക്കിയതുകൊണ്ടു മാത്രമായില്ല. എ.ടി.എം സൗജന്യസേവനമല്ലല്ലോ.
ബാങ്കുകള്‍ക്കും ബാങ്ക് ജിവനക്കാര്‍ക്കും തൊഴില്‍ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പ്രക്രിയയില്‍ നമുക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ക്കു ബാങ്കുകള്‍ നമ്മില്‍നിന്നു ഫീസ് ഈടാക്കുന്നുമുണ്ട്.
ഇത്തവണത്തെ ഓണം- ഈദ് ആഘോഷവുമായി ബന്ധപ്പെട്ട നീണ്ട അവധിക്കുപുറമെ മാസത്തില്‍ രണ്ടു ശനിയാഴ്ച കൂടുതല്‍ അവധികളും ആസ്വദിക്കാന്‍ ബാങ്കുകള്‍ക്ക് അവസരം ലഭിച്ചു.
ഇത്തരം സന്ദര്‍ഭങ്ങളിലുള്‍പ്പെടെ ഇടപാടുകാരുടെ നിക്ഷേപങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ സൈബര്‍ സെല്ലുകളെ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടിയിരുന്നു.
അല്ലെങ്കില്‍, നമ്മുടെ കൊച്ചു കേരളംപോലും മോഷ്ടാക്കളുടെ സ്വന്തം നാടായിപ്പോകും. അവര്‍ക്കു നമ്മുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കാട്ടിലെ തടിയും തേവരുടെ ആനയും ആയിക്കൂടല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."