ഒളിയിടങ്ങള്‍ തേടി ലഹരി നുണയുന്ന കൗമാര സംഘം വിലസുന്നു
അന്തിക്കാട്: ഒഴിഞ്ഞ പറമ്പുകളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടങ്ങളും ഓട്ടോറിക്ഷകളും ഒളിയിടങ്ങളാക്കി മാറ്റി കൗമാരപ്രായക്കാര്‍ ലഹരി നുകരുന്നതായി ആക്ഷേപം. അന്തിക്കാട്, മണലൂര്‍, അരിമ്പൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട്, പ്രദേശങ്ങളിലെല്ലാം ഇത്തരത്തിലുള്ള കൗമാര ലഹരിക്കാര്‍ വിലസുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
അന്തിക്കാട് പഞ്ചായത്ത് ഗ്രൗണ്ട് പരിസര പ്രദേശങ്ങളിലും ഇക്കൂട്ടര്‍ പിടിമുറുക്കുന്നതായി അറിയുന്നു. ഗ്രൗണ്ടില്‍ കളിക്കാനെത്തുന്നവര്‍ കളം വിട്ട് കഴിഞ്ഞ് ഇരുട്ട് പരക്കുന്നതോടെ സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടം ഏതാനും ലഹരിക്കാര്‍ ഒളിതാവളമാക്കി ദുരുപയോഗപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. കാര്യം കഴിഞ്ഞ് ആരും അറിയാതെ ഇത്തരക്കാര്‍ രംഗമൊഴിയുമ്പോള്‍ ഇതൊന്നുമറിയാതെ അല്‍പ്പം പാട്ടുകളും ചില നേരമ്പോക്ക് തമാശകളുമായി ഇവിടെ ഇരിക്കുന്ന ചിലര്‍ തെറ്റിധരിക്കപ്പെട്ട് പൊലിസ് സ്റ്റേഷന്‍ കയറേണ്ടി വന്നതായും നാട്ടുകാര്‍ പറയുന്നു.
രാത്രി കാലങ്ങളില്‍ സ്ഥിരമായി ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ പാതിര വരെ പാര്‍ക്ക് ചെയ്യുകയും ഇതിലേക്ക് ആളുകള്‍ വരികയ്യും പോവുകയും ചെയ്യുന്നതായി പരക്കെ പരാതിയുണ്ട്. മണലൂര്‍, അന്തിക്കാട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പാന്തോട് സെന്ററിന് കിഴക്ക് ഒഴിഞ്ഞ് കിടക്കുന്ന ഒരു വീട് കേന്ദ്രീകരിച്ച് പരിസരവാസികളെയെല്ലാം വെല്ലുവിളിക്കും വിധത്തില്‍ ചില ദിവസങ്ങളില്‍ ചെറുപ്രായക്കാരായ നിരവധി പേര്‍ ഒത്തുകൂടുന്നതായും ഇവര്‍ മയക്ക്മരുന്ന് ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും ആക്ഷേപമുണ്ട്.
മുറ്റിച്ചുര്‍ പാലത്തിന്നടിയിലും സമീപത്തെ ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലും ഉപയോഗവും വിപണനവും നടക്കുന്നുണ്ട്. മുറ്റിച്ചൂര്‍ കടവിലെ പൂട്ടി കിടക്കുന്ന കാലിക്കടകള്‍ക്കുള്ളിലും കേന്ദ്രീകൃത വിപണനവും നടക്കുന്നുണ്ട്. മണലൂര്‍ പഞ്ചായത്തിലെ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം പള്ളിത്താഴം പരിസരം, മണലൂര്‍ ഗവ: ഹൈസ്‌കൂള്‍ പരിസരം, ആനക്കാട് പ്രദേശം എന്നിവിടങ്ങളിലും സമാന സാഹചര്യമുണ്ട്.
അരിമ്പൂര്‍ പഞ്ചായത്തിലെ കിഴക്കും പുറത്ത് അലൈസ് റൈസ് മില്ലിന് പിറക് വശത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിച്ച് രണ്ട് പേര്‍ തമ്മില്‍ വഴക്കടിക്കുകയും ഒരാള്‍ മറ്റൊരാളുടെ കഴുത്തില്‍ വീട്ടിലെ ട്യൂബ് ലൈറ്റ് ഊരി കുത്തിയിറക്കുകയും ചെയ്തതായി പരിസരവാസികള്‍ പറഞ്ഞു. മനക്കൊടി സ്റ്റുഡന്‍സ് റോഡ്, വെങ്ങിളിപ്പാടം എന്നിവിടങ്ങളുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കാന്‍ ശ്രമിക്കുന്നതായും ശക്തമായ പ്രതിരോധവുമായി പ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി കെ.എസ് പ്രസാദ് പറഞ്ഞു.
വെങ്കിങ്ങിലെ തൊയക്കാവ് കുരിശുപള്ളി സെന്റര്‍, ഇടിയഞ്ചിറ പണ്ടാറമാട് പരിസരം, പുളിക്കകടവ് പാലം പരിസരം, കുരിശുപള്ളിക്ക് സമീപത്തെ കനാറ ബാങ്ക് പ്രദേശം എന്നിവിടങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയും ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. പാവറട്ടി പഞ്ചായത്തിലെ കാളാനി, കൂരിക്കാട് തെക്കേയറ്റം, പാവറട്ടി പഞ്ചായത്തിന്റെ ബസ് സ്റ്റാന്റ്, എളവള്ളിയിലെ പണ്ടാറക്കാട് പള്ളി, എളവള്ളി മുസ്ലിം പള്ളി, മദര്‍ കോളേജ് പരിസരങ്ങളിലും ലഹരി മാഫിയകള്‍ വിലസുന്നുണ്ട്. തൈക്കാട് പ്രദേശത്തെ ചക്കംകണ്ടം തീരദേശം, അപ്പു മാസ്റ്റര്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെല്ലാം നിലവില്‍ ലഹരി പുകയുന്നുണ്ട്. ഇതിനൊക്കെ പുറമെ കോള്‍ പാടശേഖരങ്ങളുടെ എഞ്ചിന്‍ തറകള്‍, ഉള്‍ ബണ്ട് റോഡരുകുകള്‍, പൊന്ത കാടുകള്‍ എന്ന് വേണ്ട എല്ലാ ഒഴിഞ്ഞയിടങ്ങളും ലഹരിക്കാരുടെ താവളങ്ങളായി മാറി കഴിഞ്ഞുവെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."