കഞ്ചാവ് മാഫിയക്കെതിരേ നിലപാടെടുത്ത നഗരസഭാ കൗണ്‍സിലറുടെ വീടാക്രമിച്ചു
ഗുരുവായൂര്‍: പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത യുവ നഗരസഭ കൗണ്‍സിലറുടെ വീട് ആക്രമിച്ചു. 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ്.വി.ചന്ദ്രന്റെ വീടാണ് ചൊവ്വാഴ്ച രാത്രി 11.45ഓടെ ആക്രമിച്ചത്.
വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇരിങ്ങപ്പുറം പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമായതായി പരാതിയുണ്ടായിരുന്നു. ഇതേ തുടന്ന് ദിവസങ്ങള്‍ക്കുമുമ്പ് പൊലിസ് ചിലരെ പിടികൂടുകയും ചെയ്തു.
ഇത് സി.പി.ഐ അനുഭാവിയായ ജെയ്ഫര്‍ ഹമീദ് ഒറ്റുകൊടുത്തിട്ടാണ് എന്നാരോപിച്ച് ഒരു സംഘം ജെയ്ഫറിനെ ആക്രമിക്കുകയും വീട്ടുമുറ്റത്ത് കിടന്നിരുന്ന ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ ചിലരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ ജെയ്ഫറിനെ സഹായിച്ചതും കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി രംഗത്ത് വന്നതും സി.പി.ഐ കൗണ്‍സിലറായ അഭിലാഷ്.വി.ചന്ദ്രനാണ്. ഇതില്‍ പ്രകോപിതരായ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനിക്കുന്നത്.
ജനല്‍ചില്ലുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് അഭിലാഷിന്റെ അമ്മ രമണി നിലവിളിച്ചതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുവായൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."