ജീവിതമവസാനിപ്പിക്കാന്‍ വെമ്പുന്നവരോട്
മനുഷ്യനാശിക്കുംപോലെ എല്ലാം നടക്കാറില്ല
കപ്പലാശിക്കും പോലെയല്ലല്ലോ കാറ്റടിക്കുന്നത്...
ഇത് പ്രഗത്ഭ ചിന്തകനായ അബൂസഈദുല്‍ മുതനബ്ബിയുടെ കവിതാശകലമാണ്. പായ്ക്കപ്പലില്‍ കടലിലൂടെ സഞ്ചരിക്കുന്നവന് കിഴക്കോട്ട് പോകാന്‍ പടിഞ്ഞാറ് നിന്നു കിഴക്ക് ഭാഗത്തേക്ക് കാറ്റ് വീശണം. അപ്പോള്‍ കപ്പലിനേയും വഹിച്ച് കാറ്റ് നീങ്ങും. പൊടുന്നനെ എതിര്‍ദിശയില്‍ നിന്ന് കാറ്റ് വീശിയാല്‍ അവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ല.
എല്ലായ്‌പ്പോഴും തങ്ങളിച്ഛിക്കുന്ന ഭാഗത്തേക്ക് കാറ്റടിക്കുമെന്ന് വിചാരിച്ചായിരുന്നില്ല അക്കാലത്ത് കടല്‍യാത്രികരുടെ സഞ്ചാരം. എന്ന് കരുതി അവര്‍ ഹതാശരുമായില്ല. എതിര്‍ദിശയില്‍ നിന്ന് കാറ്റടിച്ചപ്പോള്‍ അവര്‍ പായകള്‍ അഴിച്ചുവച്ചു. കാറ്റ് അനുകൂലമാകുമ്പോള്‍ യാത്ര തുടര്‍ന്നു. ഇങ്ങനെ ആയിരിക്കും മനുഷ്യജീവിതവും.
കടല്‍യാത്രികരുടെ ആഗ്രഹത്തിനനുസരിച്ച്് കാറ്റടിക്കാത്തത് പോലെ മനുഷ്യന്റെ ആഗ്രഹത്തിനനുസരിച്ച് ജീവിതത്തില്‍ എല്ലാ കാര്യങ്ങളും നടക്കാറില്ല.
ജീവിതത്തില്‍ വിജയവും പരാജയവും സമ്മിശ്രമാണ്. ആരും എല്ലാ കാലത്തും ഒരേ അവസ്ഥയില്‍ നില്‍ക്കുന്നില്ല. വിജയികളെന്ന് ഭൗതികലോകത്ത് നമുക്ക് അനുഭവപ്പെടുന്ന പലരും അല്ലാഹുവിന്റെ അടുക്കല്‍ പരാജിതരാകാം.
പരാജിതരെന്ന് ഭൗതികത മാനണ്ഡമാക്കി നാം തീര്‍ച്ചപ്പെടുത്തിയ പലരും അല്ലാഹുവിന്റെ അടുക്കല്‍ വിജയികളുമാകാം. എന്തെങ്കിലും ഒരു പരീക്ഷണം വന്നെത്തുമ്പോഴേക്കും അതിനെ പ്രതി ആകുലപ്പെടുന്നവന് ഒരിക്കലും വിജയിയാകാന്‍ കഴിയില്ല. പരാജയത്തിലേക്കായിരിക്കും അവന്റെ പതനം.
ജീവിതം പരീക്ഷണമാണെന്ന് തിരിച്ചറിയുന്ന വിശ്വാസി ആ പരീക്ഷയില്‍ വിജയിക്കാനുള്ള മാര്‍ഗം കണ്ടെത്തും. അവന് അതിനായി വിയര്‍പ്പൊഴുക്കും. മത്സരപ്പരീക്ഷയില്‍ വിജയിക്കാന്‍ ഊണും ഉറക്കുമൊഴിച്ച് പഠിക്കുന്നവരെ നാം കാണുന്നു. ജീവിതലക്ഷ്യമെന്ന പരീക്ഷയില്‍ അപ്പോള്‍ എത്രമാത്രം കഷ്ടപ്പാടുണ്ടാകും. അതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്നവന്‍ വിഡ്ഢിയാണ്. പരാജിതന്റെ പോംവഴിയാണത്. വിശ്വാസത്തകര്‍ച്ചയും ആദര്‍ശരാഹിത്യവുമാണ് അതിലേക്ക് നയിക്കുന്നത്.
ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്‌ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം: 'വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഢമായി അറിയുക' (4 :29). മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : 'നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്‌കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ധിക്കുകയേ ഉള്ളൂ'.
സ്വയംഹത്യ നടത്തിയവനെക്കുറിച്ച് നബി(സ്വ) പറഞ്ഞു: 'മലമുകളില്‍ നിന്നു താഴേക്കു ചാടി ആത്മഹത്യ നടത്തിയവന്‍ നരകത്തിലും കീഴ്‌പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും.
ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന്‍ നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും'. ആത്മഹത്യ ചെയ്തവന്‍ സ്വര്‍ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറഞ്ഞിട്ടുണ്ട്്. നബി(സ)യോടൊപ്പം ഒരിക്കല്‍ യുദ്ധത്തിന് പുറപ്പെട്ട മുസ്‌ലിം സൈനികരില്‍ 'ഖുസ്മാന്‍' എന്ന വ്യക്തിയുണ്ടായിരുന്നു. അയാള്‍ മുസ്‌ലിംകളിലെ ധനികനും തന്റെ കുടുംബത്തിലെ പ്രധാനിയുമാണ്.
അയാളെ സംബന്ധിച്ച് നബിതിരുമേനി(സ) പറഞ്ഞു: 'നരകാവകാശികളില്‍പ്പെട്ട ഒരാളെ കാണണമെങ്കില്‍ അയാളെ നോക്കുക.' നബി(സ)യുടെ ഈ പരാമര്‍ശം ശ്രവിച്ച അക്തമുബ്‌നുല്‍ജൗന്‍' എന്ന സ്വഹാബി യുദ്ധസമയത്ത് ഖുസ്മാനിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
മുശ്‌രിക്കുകള്‍ക്കെതിരേ അയാള്‍ ശക്തിയായി പോരാടുകയായിരുന്നു. പെട്ടെന്ന് ഒരു ശത്രുവില്‍നിന്ന് അയാള്‍ക്ക് മുറിവേറ്റു. കഠിനമായ വേദന സഹിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ക്ഷമകെട്ട അയാള്‍ തന്റെ വാളിന്റെ മുന നെഞ്ചില്‍ കുത്തിയിറക്കി. രണ്ടു ചുമലുകള്‍ക്കിടയില്‍ വാളിന്റെ തല പുറത്തേക്ക് വന്നു. അയാള്‍ മരിച്ചുവീണു.
സംഭവം നേരില്‍ക്കണ്ട അക്തം(റ) നബി(സ)യെ സമീപിച്ചു പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാനിതാ സാക്ഷ്യപ്പെടുത്തുന്നു.' നബി(സ) കാര്യമന്വേഷിച്ചു. അക്തം(റ) ഖുസ്മാന്‍ ചെയ്ത കാര്യം വിശദമായി നബി(സ)യുടെ മുന്‍പില്‍ അവതരിപ്പിച്ചു. ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആത്മഹത്യ നിഷിദ്ധമാണ്. സ്വബോധത്തോടെ ആ കൃത്യം ചെയ്ത് ജീവനൊടുക്കുന്ന വ്യക്തിക്ക് സ്വര്‍ഗപ്രവേശം ലഭിക്കുകയില്ലെന്ന് ഈ സംഭവവും തെളിയിക്കുന്നു. ഖുസ്മാന്‍ സ്വയം ജീവഹാനി വരുത്തുന്ന ആളാണെന്ന് നബി(സ) മുഅ്ജിസത്ത് മുഖേന മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് നമുക്ക് ഇതില്‍നിന്ന് മനസിലാക്കാം.
ജീവന്‍ അല്ലാഹു നല്‍കുന്ന അപാരമായ അനുഗ്രഹമാണ്. സ്രഷ്ടാവായ അല്ലാഹുവിന്ന് മാത്രമേ അത് നല്‍കാന്‍ കഴിയുള്ളൂ. അതിനെ അപകടപ്പെടുത്തുന്ന ഒന്നും മനുഷ്യന്‍ ചെയ്തു കൂടാ. സ്വന്തം ജീവനെയാണെങ്കില്‍ പോലും നശിപ്പിക്കാന്‍ മനുഷ്യന്ന് അവകാശമില്ല. അല്ലാഹു നല്‍കിയത് അവന്‍ ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കുന്നു. അതാണ് അല്ലാഹുവിന്റെ നിയോഗം. ഇതിനെതിരേ പ്രവര്‍ത്തിക്കുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന് വിധേയമാക്കുന്ന കാര്യവുമാണ്.
സാമ്പത്തിക പ്രതിസന്ധി, മാനഹാനി സംഭവിക്കല്‍, കടക്കെണിയില്‍ അകപ്പെടല്‍, ഉദ്ദേശിച്ച മോഹങ്ങള്‍ സഫലമാകാതിരിക്കല്‍, മാരകമായ രോഗം തുടങ്ങി വിവിധ കാരണങ്ങളാല്‍ ചിലര്‍ ആത്മഹത്യ ചെയ്യാറുണ്ട്. അല്ലാഹുവില്‍ വിശ്വാസമില്ലാത്ത അല്‍പജ്ഞന്മാരാണ് അങ്ങനെ ചെയ്യുന്നത്.
തന്റെ ജീവിതം ദുര്‍ഘടമാകുമ്പോള്‍ ഈ ജീവിതം അവസാനിപ്പിച്ചാല്‍ രക്ഷപ്പെടാമെന്ന ചിന്തയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജീവിതത്തിന്റെ അവസാനം മരണമാണെന്ന മൗഢ്യധാരണയാണ് ഇതിന് കാരണം. എന്നാല്‍ പരലോകവിശ്വാസം ഒരു പരിധിവരെ ആത്മഹത്യയെ തടയുന്നു.
എന്തെങ്കിലും പ്രതിസന്ധിയില്‍ അകപ്പെട്ട കാരണത്താല്‍ 'മരിച്ചു പോയിരുന്നെങ്കില്‍ നന്നായിരുന്നു' വെന്ന് ആഗ്രഹിക്കുന്നത് പോലും അരുതെന്നാണ് നബി തിരുമേനി(സ) പഠിപ്പിക്കുന്നത്.
'നിങ്ങളിലൊരാളും തനിക്ക് വന്നുപെട്ട വിപത്തിന്റെ പേരില്‍ മരിക്കാന്‍ ആഗ്രഹിക്കരുത്. കൂടാതെകഴിയില്ലെങ്കില്‍ അവന്‍ ഇങ്ങനെ പ്രാര്‍ഥിക്കട്ടെ: അല്ലാഹുവെ! ജീവിതം എനിക്ക് ഗുണമാകുന്നേടത്തോളം കാലം എന്നെ നീ ജീവിപ്പിക്കേണമേ! മരണം ഗുണകരമാകുമ്പോള്‍ എന്നെ നീ മരിപ്പിക്കേണമേ!' (ബുഖാരി മുസ്‌ലിം)
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ് വിശ്വാസം. എതുവിധമുള്ള നിറംമാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും പിടിച്ചുനില്‍ക്കാനുള്ള ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുകയാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."