നവി മുംബൈയില്‍ ആയുധധാരികളെ കണ്ടെന്ന് വിദ്യാര്‍ഥികള്‍; അതീവ ജാഗ്രത
മുംബൈ: നവി മുംബൈയിലെ തീരനഗരമമായ ഉറാനില്‍ ആയുധധാരികളെ കണ്ടെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ടെന്നാണു രണ്ടു വിദ്യാര്‍ഥികള്‍ പറഞ്ഞത്. ഇന്നലെ രാവിലെ ഏഴു മണിയോടെ കറുത്തവേഷം ധരിച്ച ആളുകളെ കണ്ടുവെന്നാണ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചത്. ഒരാളെയാണെന്ന് ഒരു കുട്ടിയും അതല്ല അഞ്ചുപേരുണ്ടായിരുന്നെന്നു അടുത്ത കുട്ടിയും പറയുന്നുണ്ട്. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.
മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപമാണ് ആയുധധാരി സംഘത്തെ കണ്ടതായി പറയപ്പെടുന്നത്. ഒ.എന്‍.ജി.സി, സ്‌കൂള്‍ എന്നീ വാക്കുകള്‍ ഇവര്‍ ഉച്ചരിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മുംബൈയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊലിസ്, മഹാരാഷ്ട്ര ഭീകര വിരുദ്ധ വിഭാഗം, നാവികസേന എന്നിവര്‍ സംയുക്തമായി മുംബൈ തീരത്ത് പരിശോധന നടത്തി. ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ഉറാനിലെ സ്‌കൂളുകളും കോളജുകളും അടച്ചു. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ഉറാന്‍. 2008 നവംബറില്‍ കടല്‍ കടന്നെത്തിയ ഭീകരര്‍ മുംബൈയില്‍ നടത്തിയ വെടിവയ്പില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."