മകനായി ഒരു പതിറ്റാണ്ടിലധികം കാത്തിരുന്ന ഉമ്മ യാത്രയായി
തിരുവനന്തപുരം: 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ ഒരു നോക്കു കാണാനാകാതെ ആ ഉമ്മ യാത്രയായി. കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് പോയ മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാതായതിനെ തുടര്‍ന്ന് കാത്തിരിപ്പിലായിരുന്നു വള്ളക്കടവ് സ്വദേശി ഉമൈബ ബീവി. ഉമൈബയുടെ മൂത്ത മകന്‍ അലി ഇസ്മത്ത്‌നൂര്‍ 2003ലാണ് ജോലിക്കായി കുവൈത്തിലേക്ക് പോയത്.
പിന്നീട് കുവൈത്തില്‍ വച്ച് ഇയാളെ കാണാതാകുകയായിരുന്നു. മകന്റെ വിളി കാതോര്‍ത്തിരുന്ന ഉമൈബ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വള്ളക്കടവ് ഗാന്ധിനഗറില്‍ പരേതനായ മുഹമ്മദലിയുടെ ഭാര്യയാണ് ഉമൈബ ബീവി.
എറണാകുളം കലൂര്‍ ചര്‍ച്ച് റോഡിലുള്ള അമര്‍ എക്‌സ്‌പോര്‍ട്ട് എന്ന കമ്പനിയാണ് ഇസ്മത്തിന് വിസ നല്‍കിയത്. ഒരു ലക്ഷം രൂപ വാങ്ങി 2003 ജൂലൈ 18ന് കുവൈത്തിലെ സാല്‍മിയയിലെ കുവൈത്ത് പെര്‍ട്‌സ് കാറ്ററിങ് കമ്പനിയില്‍ ഓഫിസ് ബോയ് ജോലിക്കാണ് ഇസ്മത്തിനെ അയച്ചത്. എന്നാല്‍ പറഞ്ഞ ജോലിയോ ശമ്പളമോ കമ്പനി നല്‍കിയില്ല. പകരം അമേരിക്കന്‍ മിലിറ്ററി ക്യാംപില്‍ പൂന്തോട്ടത്തില്‍ 5000 രൂപ ശമ്പളത്തിലാണ് ജോലി ലഭിച്ചത്. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം ഭാര്യയോടും സഹോദരനോടും കുവൈത്തിലെ ദുരിതത്തെ കുറിച്ചും കബളിപ്പിക്കലിനെ കുറിച്ചും ഫോണില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു.
സഹോദരന്‍ ഹലീലിന് എഴുതിയ കത്തില്‍ ആറ് മാസം കഴിഞ്ഞ് തന്നെ ഇറാഖിലേക്ക് അയക്കുമെന്ന് സൂചിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് ശേഷം ഇസ്മത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായി. കമ്പനിയില്‍ തിരക്കിയപ്പോള്‍ പാസ്‌പോര്‍ട്ട് അവിടെ ഉണ്ടെന്നും ഇസ്മത്ത് നാട്ടിലേക്ക് മടങ്ങിയെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. വള്ളക്കടവ് യത്തീംഖാനയിലെ പ്യൂണായിരിക്കെയാണ് ഇസ്മത്ത് കുവൈത്തിലേക്ക് പോയത്.
അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം വര്‍ഷങ്ങളായി അധികൃതരുടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനുമായ പിതാവ് എം.എം അലി മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇസ്മത്ത്.
മുന്‍ കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, വയലാര്‍ രവി, മുഖ്യമന്ത്രി, കുവൈത്ത് എംബസി, നോര്‍ക്ക എന്നിവര്‍ക്കെല്ലാം പരാതിയും നല്‍കിയിരുന്നു. ഇസ്മത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."