തിരൂരങ്ങാടിയില്‍ വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്നു
തിരൂരങ്ങാടി: വൈദ്യുതിയുടെ ഒളിച്ചുകളി. പൊറുതിമുട്ടി ജനങ്ങള്‍. തിരൂരങ്ങാടി മേജര്‍ സെക്ഷനുകീഴിലാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം തുടരുന്നത്. സാധാരണ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ സെക്ഷന്‍ ഓഫിസില്‍ നിന്നു തലേദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഒരാഴ്ചയിലേറെയായി യാതൊരുമുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്.
പ്രതിദിനം നിരവധി തവണ അപ്രത്യക്ഷമാകുന്ന വൈദ്യുതിതിരിച്ചുവരാന്‍ മിനുട്ടുകളോ, മണിക്കൂറുകളോ എടുക്കും. വൈദ്യുതിബോര്‍ഡ് ഓഫിസിലേക്ക് വിളിച്ചാല്‍തന്നെ മതിയായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. വൈദ്യുതിയുടെ ഒളിച്ചുകളി രാപ്പകല്‍ഭേദമന്യേയായതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫിസുകളെയും സാരമായി ബാധിക്കുന്നുണ്ട്. ഓഫിസുകളില്‍നിന്നു ലഭിക്കേണ്ട അത്യാവശ്യ രേഖകള്‍പോലും പ്രിന്റെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍. കൂടാതെ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയെയും വൈദ്യുതിമുടക്കം സാരമായി ബാധിക്കുന്നുണ്ട്.
എടരിക്കോട് സബ്‌സ്റ്റേഷനില്‍ നിന്ന് വെന്നിയൂര്‍ ഫീഡറിലൂടെയാണ് തിരൂരങ്ങാടി മേജര്‍സെക്ഷന്‍ പരിധിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. തിരൂരങ്ങാടിക്ക് പുറമെ വെന്നിയൂര്‍, എടരിക്കോട് ഭാഗങ്ങളില്‍ തകരാര്‍ സംഭവിച്ചാലും ദുരിതമനുഭവിക്കേണ്ടിവരുന്നത് തിരൂരങ്ങാടിയിലെ മൊത്തം ആളുകളാണ്. പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."