യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്നു: മൂന്ന് പേര്‍ പിടിയില്‍
കൊടകര: മരത്തംപിള്ളിയില്‍ വാടക വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ തട്ടിക്കൊണ്ടുപോവുകയും ഭാര്യയുടെ ആറു പവന്റെ മാല മോഷ്ടിക്കുകയും ചെയ്ത ആറംഗ സംഘത്തിലെ മൂന്നു പേര്‍ കൊടകര പൊലിസിന്റെ പിടിയിലായി. ഇടപ്പള്ളി സ്വദേശി മുഹമ്മദ് റിജോ (42) തൃക്കാക്കര സ്വദേശി സുധി (43) ചേരാനെല്ലൂര്‍ സ്വദേശി അജേഷ്(28) എന്നിവരാണ് പിടിയിലായത്. ശേഷിച്ചവര്‍ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി ആറരയോടെയാണ് സംഭവം. കാറിലെത്തിയ ആറംഗ സംഘമായാണ് കൊടകര മരത്തംപിള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ചീനിക്കല്‍ രാജീവിനെ കടത്തിക്കൊണ്ടുപ്പോയത്. കോടാലി ശ്രീധരന്റെ സംഘാംഗമായിരുന്ന രാജീവ് 2012 ല്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് റിജോവിന്റെ സുഹൃത്തിന്റെ മൂന്നു കോടിയോളം വരുന്ന കുഴല്‍പ്പണം കവര്‍ന്നിരുന്നു.
ഇത് പങ്കുവെക്കുന്നതിന്റെ പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.
രാജീവ് റിജോയ്ക്ക് നല്‍കാനുള്ള പണത്തിനു പകരമായി അഞ്ചു സെന്റ് സ്ഥലം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലം തീറു നല്‍കിയിരുന്നില്ല. ഇതിനായി രാജീവിനെ വിളിക്കുമ്പോഴെല്ലാം ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.
ആറംഗ സംഘത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബുധനാഴ്ച രാത്രി ഒന്നര മണിയോടെ ഇവരെ കൊടുങ്ങല്ലൂര്‍ അഴീക്കോട് നിന്നും പിടികൂടിയത്.
പ്രതികള്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി പി.വാഹിദ്, കൊടകര സി.ഐ കെ.സുമേഷ്, എസ്.ഐ ജിബു ജോണ്‍, എ.എസ്.ഐ ഗോപി എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."