പണം തട്ടിപ്പും ഐ.എസിന്റെ പേരില്‍ ഭീഷണി സന്ദേശവും പതിനഞ്ചുകാരന്റെ അതിബുദ്ധി പൊലിസിനെയും വീട്ടുകാരെയും വട്ടം കറക്കി
വിഴിഞ്ഞം: എ.ടി.എമ്മില്‍ നിന്നും പണം തട്ടിപ്പ്, ശേഷം സിം കാര്‍ഡ് മോഷണവും ഐ.എസിന്റെ പേരില്‍ ഭീഷണി സന്ദേശവും. അടിച്ചുപൊളിക്കാന്‍ പണം കണ്ടെത്താനുള്ള പതിനഞ്ചുകാരന്റെ അതിബുദ്ധി വീട്ടുകാരെയും പൊലിസിനെയും അല്‍പനേരം ചുറ്റിച്ചു.
കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി സ്വദേശി കഴിഞ്ഞ ദിവസം ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈപാസിനായി വിട്ടു നല്‍കിയ ഭൂമിക്ക് സര്‍ക്കാര്‍ നല്‍കിയ പണം ഇയാള്‍ കാഞ്ഞിരംകുളം എസ്.ബി.ടി.യില്‍ നിക്ഷേപിച്ചിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപയില്‍ കുറവു വന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സ്റ്റേറ്റ്‌മെന്റ് എടുത്തത്. രേഖ പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി.ക ഴിഞ്ഞ മാസം ഇരുപതിന് എണ്ണായിരവും ഈ മാസം ആറിന് പതിനയ്യായിരത്തോളം രൂപയും എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നു. പണം നഷ്ടമായ വിവരം പൊലിസില്‍ അറിയിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു.
ഇതിനിടയില്‍ ഇയാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശമെത്തി . പണം നഷ്ടപ്പെട്ട വിവരം പൊലിസില്‍ അറിയിച്ചാല്‍ നിങ്ങളെയും മക്കളെയും വകവരുത്തുമെന്ന് ഐ.എസ് ഭീകരരില്‍ നിന്നെന്ന പേരിലായിരുന്നു സന്ദേശം.
ഇതുപോലെ രണ്ടു പ്രാവശ്യം സന്ദേശം വന്നു. ഇന്നലെ രാവിലെയായപ്പോള്‍ ഇയാളുടെ മൊബൈല്‍ നമ്പറില്‍ നിന്നും ഭാര്യക്ക് ഭീഷണി സന്ദേശമെത്തി. പരിശോധനയില്‍ സിം കാര്‍ഡ് മോഷണം പോയതായി കണ്ടെത്തി. ഇതോടെ വീട്ടുകാര്‍ വിറച്ചു. പരാതിയുമായി കാഞ്ഞിരംകുളം സ്റ്റേഷനിലെത്തി . സംഭവമറിഞ്ഞ് പൊലിസിനും ആശങ്കയായി. ഇതിനിടയില്‍ വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന പതിനഞ്ചുകാരന്റെ ഭാവപ്പകര്‍ച്ച എസ്.ഐ.ജയന്റെ ശ്രദ്ധയില്‍പെട്ടു. ഇതോടെ കള്ളിവെളിച്ചത്തായി.
വീട്ടില്‍ കൊണ്ടു പോയി പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ പയ്യന്‍ കുറ്റം സമ്മതിച്ചു. ഇതോടെ വീട്ടുകാര്‍ കേസ് പിന്‍വലിച്ച് മടങ്ങി. എല്ലാം ശുഭമായി അവസാനിച്ചതിന്റെ ആശ്വാസത്തില്‍ പൊലിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."