സമഗ്ര പുരോഗതി: സര്‍ക്കാര്‍ ലക്ഷ്യം സാര്‍ത്ഥകമാകട്ടെ
കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യംവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുടക്കമിടുകയാണ് കേരളപ്പിറവി ദിനത്തില്‍. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നാല് വന്‍കിട പദ്ധതികള്‍ അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാവുകയാണെങ്കില്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ അതൊരു നാഴികക്കല്ലായി മാറും. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി, ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്ര വിദ്യാഭ്യാസ നവീകരണം, ഹരിത കേരള പദ്ധതി എന്നിവയാണ് സര്‍ക്കാര്‍ മിഷ്യന്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ദീര്‍ഘ കാല പദ്ധതികള്‍. ജനപങ്കാളിത്തത്തോടെ മിഷന്‍ മാതൃകയില്‍ ആരംഭിക്കുന്ന പദ്ധതികള്‍ ഇച്ഛാശക്തിയോടെ നടത്തുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയാണെങ്കില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതിതീക്ഷ്ണമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സുപ്രധാനമായതും പരിഹാരം കാണേണ്ടതുമായ ഈ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ തന്നെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ പ്രധാനം പാര്‍പ്പിടവും ശുദ്ധജല ലഭ്യതയും മലിനീകരണ നിയന്ത്രണവുമാണ്. ഈയൊരു പ്രശ്‌നങ്ങളില്‍ കേരളം വീര്‍പ്പുമുട്ടുകയാണിന്ന്. തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിഭാഗം ജനങ്ങള്‍ അലയുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഭൂമി ഉണ്ടായിട്ടും അതിലൊരു കൂരയെങ്കിലും വെച്ചു കെട്ടാനാകാതെ ഉള്ളവീടുകളില്‍ താമസിക്കാന്‍ പറ്റാതെ, സര്‍ക്കാര്‍ സഹായം അപര്യാപ്തമായതിനാല്‍ വീട്പണി പാതിയില്‍ ഉപേക്ഷിച്ചത്, ഭൂമിയും ഭവനവുമില്ലാത്തവര്‍, പുറംമ്പോക്കുകളില്‍ താല്‍കാലിക കുടിലുകള്‍ കെട്ടി താമസിക്കുന്നവര്‍ എന്നിങ്ങനെ പലവിധത്തിലാണ് ഭവനരഹിതരായവരും ഭൂരഹിതരായവരുമായുള്ള വിഭാഗങ്ങള്‍. സര്‍ക്കാറിന്റെ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായ വീടുകള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടവും വീടില്ലാത്തവര്‍ക്കും വലിയൊരു അനുഗ്രഹവും ആകും.
ആര്‍ദ്ര മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിക്കുവാനുള്ള തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ശൈലി രോഗങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സേവന മേഖലകളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്നാക്കം പൊയ്‌ക്കൊണ്ടിരുന്ന ആഗോളീകരണ കാലത്തെ ഒരളവോളം ചെറുക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ഈ പദ്ധതിക്ക് കഴിയും. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഓരോ പഞ്ചായത്തിലെന്നവണ്ണം ഉയര്‍ന്നു വരുമ്പോള്‍ സാധാരണ രോഗങ്ങള്‍ക്കു പോലും ഭീമമായ തുക മുടക്കി ചികിത്സിക്കേണ്ടി വരുന്നു. കരള്‍ രോഗങ്ങളും കിഡ്‌നി രോഗങ്ങളും പെരുകിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം രോഗങ്ങള്‍ക്ക് ചികിത്സിക്കുവാന്‍ ആവശ്യമായ പണമില്ലാതെ ദരിദ്രര്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നത് സാധാരണമായിരിക്കുന്നു. പണമുള്ളവര്‍ തന്നെ ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കുവാന്‍ വന്‍തുക ചെലവാക്കേണ്ടി വരുമ്പോള്‍ അവരില്‍ പലരും സാമ്പത്തികമായി തകരുന്നു. കിഡ്‌നി മാറ്റിവെക്കുവാന്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടി വരുമ്പോള്‍ ഇത്രയും തുക സംഘടിപ്പിക്കാനാവാതെ പാവപ്പെട്ട തൊഴിലാളികളും സാധാരണക്കാരും മരണത്തെ പുല്‍കുകയല്ലാതെ വേറെ വഴിയില്ല. ഇതുവഴി ഒരു കുടുംബമാണ് അനാഥമാകുന്നത്. ആര്‍ദ്ര മിഷന്റെ കീഴില്‍ ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ നിലവില്‍ വരുമ്പോള്‍ നിലവിലുള്ള താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും കാന്‍സര്‍, കിഡ്‌നി, രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള ശൈലീരോഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ രോഗങ്ങള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന ധാരാളം ആളുകള്‍ക്ക് ആശ്വാസമായിത്തീരും. അതുപോലെത്തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് പൂട്ടിക്കൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടത് വിദ്യാഭ്യാസ ലഭ്യതക്ക് അപ്പുറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സാംസ്‌കാരിക തനിമ വീണ്ടെടുക്കുവാനും ഉപയുക്തമാകും.
സംഘടനകളും സ്ഥാപനങ്ങളും പ്രത്യേകം പ്രത്യേകം സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിക്കുകയും വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍ പിന്തള്ളപ്പെട്ടുപ്പോകുന്നു. പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടുകയില്ലെന്ന തെറ്റായ ധാരണയില്‍ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള രക്ഷിതാക്കള്‍ പോലും വന്‍തുക ഫീസ് നല്‍കി കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. ദരിദ്ര-കുബേര വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് എല്ലാവരോടും ഇടപഴകാനും സഹവര്‍തിത്ത്വവും സന്മനോഭാവവും സഹകരണവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനുള്ള പൊതു ഇടങ്ങളായിരുന്നു പൊതു വിദ്യാലയങ്ങള്‍. അത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതോടെ കുട്ടികള്‍ ഒരു പ്രത്യേക വൃത്തത്തില്‍ ഒതുക്കപ്പെടുകയും അവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും തെറ്റായ ദിശയിലേക്ക് നീങ്ങിപ്പോവുകയും ചെയ്യുന്നു. കുട്ടികളില്‍ വിഭാഗീയതയും അപര വിദ്വേഷവും നാമ്പെടുക്കുകയും ചെയ്യുന്നു. ഈയൊരു അപരാധവും കൂടി സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തിരികെ പിടിക്കുന്നതും കൂടിയാകണം സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി.
കേരളത്തെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് കൂമ്പാരമായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍. ഭാവിയില്‍ കേരളം കുപ്പത്തൊട്ടിയായി മാറിയേക്കുമോ എന്നുവരെ പേടിക്കേണ്ട ഒരവസ്ഥ ഇന്ന് ഓരോ പഞ്ചായത്തുകളിലും ഉണ്ട്. കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും എന്നുവേണ്ട മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ കുന്നുകളായി വര്‍ദ്ധിച്ചു വരുമ്പോള്‍ അവ സംസ്‌കരിച്ച് കേരളത്തിന്റെ പാരമ്പര്യ ശുചിത്വ പരിസരങ്ങളെ വീണ്ടെടുക്കേണ്ടതുണ്ട്. പല പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ പദ്ധതികളില്ല. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം അനിവാര്യമാണെന്നിരിക്കെ കുന്നുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് സര്‍ക്കാറിന്റെ മുമ്പിലുള്ള വെല്ലുവിളിയും കൂടിയാണ്. ഹരിത കേരള പദ്ധതിയിലൂടെ ശുചിത്വ മാലിന്യ സംസ്‌കരണ-കൃഷിവികസനം ജലവിഭവ സംരക്ഷണ മേഖലകള്‍ക്ക് പുതുജീവന്‍ കിട്ടുമെന്ന് ആശിക്കാം.
പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കമ്മിറ്റികളിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് നേതൃസ്ഥാനങ്ങളിലുള്ളത് എന്നത് മാത്രമാണ് പദ്ധതി വിജയത്തെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നത്. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ കമ്മിറ്റി പദ്ധതികളുടെ നടത്തിപ്പിന് രൂപീകൃതമായിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭാരവാഹികളായ കമ്മിറ്റികള്‍ക്കാണ് പദ്ധതികളുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍കാര്യം മുറപോലെ എന്ന പതിവ് സര്‍ക്കാറിന്റെ ഈ സ്വപ്ന പദ്ധതികളില്‍ കരിനിഴല്‍ വീഴ്ത്തില്ല എന്നാശ്വസിക്കാം.
പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ലെന്നും പ്രതീക്ഷിക്കാം. സംസ്ഥാനതല കര്‍മ്മ സമിതിക്കും ജില്ലാതല മിഷനുകളും രൂപീകൃതമാകുമ്പോള്‍ ആത്മാര്‍ത്ഥതയോടെ അവരവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ സന്നദ്ധരാകുന്നവരെ വേണം ചുമതലകള്‍ ഏല്‍പ്പിക്കുവാന്‍. എങ്കില്‍ ഭാവികേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉതകുന്നതായിരിക്കും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന നാല് വന്‍കിട വികസന പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."