36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങും. ഇതു സംബന്ധിച്ച കരാര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യുവസ്‌ലെ ഡ്രൈനും തമ്മില്‍ ഒപ്പുവച്ചു. 7.87 ബില്യന്‍ യുറോയുടേതാണ് കരാര്‍. സാങ്കേതിക വിദ്യ കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഈ തീരുമാനം വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും മനോഹര്‍ പരീക്കര്‍ ട്വീറ്റ് ചെയ്തു.
ഒരേ സമയം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍.
റാഫേല്‍ വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നെങ്കിലും വില ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തീരുമാനം നീളുകയായിരുന്നു. 36 വിമാനങ്ങളും അനുബന്ധ ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും ഇന്ത്യയില്‍ എത്തിച്ചു തരുന്ന വിധത്തിലാണ് കരാര്‍. സ്‌പെയര്‍ പാര്‍ട്‌സുകളും ഇതോടൊപ്പം ലഭിക്കും. ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ ഇതില്‍ ഘടിപ്പിക്കാനാവുമെന്നതാണ് റാഫേലിന്റെ പ്രത്യേകത. ആകാശത്ത് നിന്ന് ഇന്ധനം നിറക്കാനുള്ള സംവിധാനം, അത്യാധുനിക എയര്‍ റഡാര്‍ തുടങ്ങി ഏറ്റവും മുന്തിയ സാങ്കേതിക സംവിധാനങ്ങള്‍ റാഫേലിലുണ്ട്.
വിവിധ ഘട്ടങ്ങളായാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. ഇതില്‍ ആദ്യ രണ്ടു വിമാനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ എത്തിക്കും. കരാര്‍ ഒപ്പിട്ടെങ്കിലും മറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് ഫ്രഞ്ച് സംഘം കുറച്ച് ദിവസങ്ങള്‍ കൂടി ഇന്ത്യയില്‍ തങ്ങും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് 126 റാഫേലുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
10.2 ബില്യന്‍ ഡോളറായിരുന്നു അന്ന് കണക്കാക്കിയ തുക. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നിര്‍മിച്ചു കൊണ്ടുവരാനും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ 36 വിമാനങ്ങള്‍ വാങ്ങാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് നിര്‍മിച്ചാണ് കൊണ്ടുവരിക. ഇതു സംബന്ധിച്ച ധാരണാപത്രം ഈ വര്‍ഷം ജനുവരിയില്‍ ഫ്രാന്‍സില്‍ ഒപ്പിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."