സംഭരിച്ച നാളികേരത്തിന്റെ പണം കിട്ടിയില്ല
കോട്ടായി: സംഭരിച്ച നാളികേരത്തിന് പണം ലഭിക്കാത്തതിനാല്‍ കേരകര്‍ഷകര്‍ക്ക് ഇക്കുറിയും കണ്ണീരില്‍ കുതിര്‍ന്ന് ഓണമായിരുന്നു. പൊതുവിപണിയില്‍ പതിനഞ്ചോ പതിനാറോ രൂപ മാത്രം നാളികേരത്തിന് ലഭിച്ചപ്പോള്‍ കൃഷിഭവന് വഴിയുള്ള സംഭരണത്തിലൂടെ 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഈ പ്രതീക്ഷയില്‍ നാളികേരം കൃഷിഭവന് വഴി നല്കിയ കേരകര്‍ഷകരാണ് കഴിഞ്ഞ മൂന്ന് മാസമായി പണം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
ഓണത്തിന് മുന്‍പായി കര്‍ഷകരുടെ സംഭരിച്ച നാളികേരത്തിന്റെ വില ലഭിക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ജില്ലയില്‍ 44 കൃഷിഭവനുകള്‍ മുഖാന്തിരമാണ് നാളികേരം സംഭരിച്ചത്. ഇവ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നത് കാരണം പിന്നീട് സംഭരണം പൂര്‍ണമായും നിലച്ചു. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന നാളികേരം മുളയ്ക്കാന്‍ തുടങ്ങിയതോടെ കേരകര്‍ഷകര്‍ ആശങ്കയിലാണ്. പല തെങ്ങിന് തോട്ടങ്ങളിലും 30,000 മുതല്‍ 60,000 തേങ്ങ വരെ കെട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ജില്ലയിലെ സംഭരണ ശാലകളിലും കൃഷിഭവനുകളിലുമായി 1600 ടണ്‍ പച്ചത്തേങ്ങയാണ് കെട്ടികിടക്കുന്നത്.
നാളികേര സംഭരണം നിലച്ചതോടെ ആശങ്കയിലായ കര്‍ഷകര്‍ വിപണി വിലയിലെ കുറവ് കാരണം പൊതുവിപണിയിലും വിറ്റഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. നാളികേരം വിറ്റാല്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്.
നാളികേര സംഭരണം ആരംഭിച്ചപ്പോള്‍ പൊതുവിപണിയിലും വില വര്‍ധിച്ചിരുന്നു. സംഭരണം നിലച്ചതോടെ പൊതുവിപണിയിലും വിലയിടിഞ്ഞു.
തെങ്ങില്‍ നിന്നും പറിച്ചിട്ട നാളികേരം മഴയത്ത് കൂട്ടിയിട്ടത് പലതും മുളയ്ക്കാന്‍ തുടങ്ങി. ആ നഷ്ടം ഭയന്ന് പല കര്‍ഷകരും കിട്ടിയ വിലയ്ക്ക് ഇപ്പോള്‍ നാളികേരം പൊതുവിപണിയില്‍ കൊടുക്കുന്നുണ്ട്. ജൂണ്‍മാസം ആദ്യവാരം സംഭരിച്ച നാളികേരത്തിന്റ തുക മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ആറരക്കോടിയോളം രൂപ കര്‍ഷകര്‍ക്ക് നല്കാനുള്ളതായി കേരഫെഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."