രാഷ്ട്രീയ പകപോക്കല്‍ ഇനിയും തുടരണോ
'യുദ്ധമില്ലാതാക്കാന്‍ യുദ്ധത്തിനേ കഴിയൂ, തോക്കൊഴിവാക്കാന്‍ തോക്കെടുത്തേ പറ്റൂ'
പാര്‍ട്ടിക്കുനേരേയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കും കീഴില്‍ പത്തുപേര്‍വീതമുള്ള രണ്ടു 'സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍' രൂപീകരിക്കാന്‍ ജില്ലാകമ്മിറ്റികള്‍ക്കു സി.പി.എം നിര്‍ദ്ദേശംനല്‍കിയ വാര്‍ത്തയാണു മേല്‍പ്പറഞ്ഞ 'മാവോസൂക്തം' ഓര്‍മവരാന്‍ കാരണം.
ആര്‍.എസ്.എസ് മാതൃകയില്‍ എല്ലാദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീലനം നടത്താനാണത്രേ പരിപാടി. കളരി, കരാട്ടെ തുടങ്ങിയ ആയോധനകലകളും യോഗയും വിവിധ മെഡിറ്റേഷന്‍ രീതികളും സമന്വയിപ്പിച്ച പരിശീലനമാണ് നല്‍കുന്നത്.
പാര്‍ട്ടിക്കെതിരേയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു പ്രാദേശികഘടകങ്ങള്‍ക്കു സാധിക്കുന്നില്ലെന്ന സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തലാണു 'സ്വയംപ്രതിരോധസേന' രൂപീകരണത്തിനു പ്രേരകമെന്നാണു പറയുന്നത്. ആക്രമണങ്ങള്‍ക്കുപിന്നില്‍ പ്രധാനമായും ആര്‍.എസ്.എസ്. ആയതാവാം അവരുടെ പ്രവര്‍ത്തനരീതി കടമെടുക്കാന്‍ കാരണം.
കേരളത്തിന്റെ ഭരണനേതൃത്വവും ആഭ്യന്തരവകുപ്പും കൈവശംവച്ചുപോരുന്ന പാര്‍ട്ടിക്ക്, പാര്‍ട്ടിക്കുനേരേ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ക്കു സായുധപരിശീലനം നല്‍കേണ്ടിവരുന്നതു വിചിത്രമാണ്. വികൃതവികാരം മുറ്റിനില്‍ക്കുന്ന അപക്വ യുവത്വം ഏറെ സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ഒന്നുതന്നെയാകും ഈ പാര്‍ട്ടി തീരുമാനം.
സി.പി.എം കല്‍പ്പിക്കുന്നതു തന്നെയാകും ആര്‍.എസ്.എസ് ആഗ്രഹിക്കുക. 'അഭ്യാസം' പഠിച്ചെത്തുന്നവര്‍ക്ക് 'അരങ്ങേറ്റം' കുറിക്കാന്‍ ആര്‍.എസ്.എസ് കച്ചമുറുക്കി അവസരമൊരുക്കും. ബി.ജെ.പി. പ്രവര്‍ത്തകരെ സി.പി.എം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നു സ്ഥാപിച്ചു സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന 'അഫ്‌സ്പ' കണ്ണൂരിലെങ്കിലും നടപ്പാക്കാന്‍ അവര്‍ക്കു കേന്ദ്രംഭരിക്കുന്ന ദേശീയനേതൃത്വത്തോട് ആവശ്യപ്പെടാമല്ലോ.
അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ പ്രത്യേക അധികാരത്തോടെ സായുധസേനയെ വിന്യസിപ്പിക്കാനുള്ള അഫ്‌സ്പ നിയമം 1958 സെപ്തംബര്‍ 11 നാണു ലോക്‌സഭ പാസാക്കിയത്. അസമിലെ നാഗാഹില്ലിലെ പ്രശ്‌നം പരിഹരിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. 1997 വരെ ഏഴുസംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കി. മനുഷ്യാവകാശധ്വംസനമെന്നു വ്യാപകമായി വിമര്‍ശനമുള്ള ഈ കരിനിയമം അപ്രഖ്യാപിതഅടിയന്തിരാവസ്ഥയാണ്.
കണ്ണൂരിലെ സ്ഥിതിവിശേഷവും ബി.ജെ.പി സംസ്ഥാന ഓഫീസിനുനേരേ നടന്ന ആക്രമണവും മറ്റും പ്രധാനമന്ത്രിയെ നേരിട്ടുബോധ്യപ്പെടുത്തിയാല്‍ കേരളത്തിലും അഫ്‌സ്പ നടപ്പാക്കാനാകുമെന്നാണു കേരളത്തിലെ ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.
കാളകൂടത്തേക്കാള്‍ ആപല്‍ക്കരമായ വര്‍ഗീയവിഷം പ്രവര്‍ത്തകരില്‍ കുത്തിവച്ച്, കായികപരിശീലനം നല്‍കി എന്തിനും സജ്ജരായി നില്‍ക്കുന്ന ആര്‍.എസ്.എസ് ഒരു ഭാഗത്ത്. വിദ്വേഷവും പകയും പരത്തി ചോരച്ചാലുകള്‍ തീര്‍ക്കാന്‍ തയാറെടുത്തുനില്‍ക്കു ഡി.വൈ.എഫ്.ഐ മറുഭാഗത്ത്. കണ്ണൂര്‍ കൊലപാതകങ്ങളുടെ തലസ്ഥാനമാവാന്‍ ഇനിയെന്ത് വേണം.
1980 മുതല്‍ ഇരുന്നൂറോളം മനുഷ്യര്‍ കണ്ണൂരില്‍ മാത്രം വെട്ടേറ്റും ബോംബേറില്‍ ശരീരം ചിതറിയും മരണമടഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തഞ്ചോളം പേര്‍ കൊലപ്പെട്ടു. സി.പി.എമ്മുകാരെന്നോ ആര്‍.എസ്.എസുകാരെന്നോ കണക്കുകൊണ്ടു വേര്‍തിരിച്ചാലും അവരെല്ലാം ജീവിതം ആരംഭിച്ച യുവാക്കളായിരുന്നുവെന്നതു മറക്കാന്‍ കഴിയില്ല. അവരുടെ മരണത്തോടെ എത്ര സഹോദരിമാര്‍ യൗവ്വനത്തില്‍ വിധവകളായി. എത്ര കുഞ്ഞുക്കള്‍ക്ക് അച്ഛനില്ലാതായി.
ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചതുപോലെ 'സ്വയംപ്രഖ്യാപിത രാജാക്കാന്മാ'രാവരുത് നേതാക്കള്‍. കേരളരാഷ്ട്രീയത്തിന്റെ അന്തസ്സ് ഇടിഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യകാരണം കുലീനതയുള്ള നേതാക്കളുടെ എണ്ണം അനുദിനം കുറയുന്നതാണ്. ഇത്തരമൊരു പശ്ചാതലത്തില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രമുഖപത്രപ്രവര്‍ത്തകനായ കെ.എം.റോയ് ഒരു ലേഖനത്തില്‍കുലീനതയുള്ള അനുധാവനയോഗ്യനായ ഒരു നേതാവിനെ കണ്ടെത്തുന്നുണ്ട്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടുസംഭവങ്ങള്‍ തന്റെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നുണ്ട് എന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനത്തില്‍ കെ.എം. റോയി പൂന്തുറ, നാദാപുരം കലാപങ്ങളെ വിവരിക്കുന്നുണ്ട്. ജീവന്‍ സമര്‍പ്പിച്ച് സമാധാനത്തിന്റെ വാഹകനായ ശിഹാബ് തങ്ങളുടെ മാതൃകാചിത്രമായിരുന്നു അത്.
രക്തത്തില്‍ കുലീനത അലിഞ്ഞുചേര്‍ന്നവര്‍ക്കേ ഇങ്ങനെ കഴിയൂ. കുലീനതയില്ലാത്തവര്‍ രാഷ്ട്രീയത്തില്‍ കൊടികുത്തിവാഴുന്ന കാലത്ത് അതിന്റെ ദുരന്തങ്ങളും അനുഭവിക്കേണ്ടി വരും. നാദാപുരം എം.എല്‍.എ.യായിരുന്ന എ.കണാരന്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത പറഞ്ഞുപരത്തിയതിന്റെ പരിണിതഫലം ഒരിക്കല്‍ നാദാപുരം കത്തുന്നതിന് കാരണമായി. ജയരാജന്റെ കാറിന് കല്ലെറിഞ്ഞു എന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥി നേതാവായ ശുക്കൂറിനെ ജനകീയ വിചാരണ നടത്തി ജനങ്ങള്‍ നോക്കി നില്‍ക്കെ അരിഞ്ഞു തള്ളി.
ഇതിനു വിഭിന്നമായ മാതൃകയുണ്ട് മുഖ്യമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതത്തില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്രആശയക്കാരനായിരുന്ന ഗംഗാധര മാരാര്‍ എറിഞ്ഞ ആസിഡ് ബള്‍ബുകൊണ്ട് കൈത്തണ്ടയിലെ മാംസം കത്തിക്കരിപ്പോള്‍ ഉറുമാലുകൊണ്ടു വരിഞ്ഞുകെട്ടി,
വേദന കടിച്ചിറക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ കണ്ണൂരിലെ പൊതുസമ്മേളന നഗരിയിലേയ്ക്കു പുഞ്ചിരിച്ചുകൊണ്ടു കടന്നുചെന്നു സി.എച്ച്.മുഹമ്മദ് കോയ. പാടത്തെ പണിക്കു വരമ്പത്തു കൂലിയുമായി നില്‍ക്കുന്നവര്‍ സി.എച്ചില്‍നിന്നു പാഠംഗ്രഹിക്കണം.
സൗമ്യവധക്കേസിലെ സുപ്രിംകോടതിവിധിയുടെ പശ്ചാതലത്തില്‍, ഗോവിന്ദച്ചാമിയെയല്ല, ഗോഡ്‌സയെപ്പോലും തൂക്കിലേറ്റരുതെന്നാണു സി.പി.എം നിലപാടെന്ന് എം.എ.ബേബി പറഞ്ഞു. വധശിക്ഷ നിയമപുസ്തകത്തില്‍നിന്ന് ഒഴിവാക്കണമെന്നതു പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യമാണെന്നു എസ്.രാമചന്ദ്രന്‍ പിള്ളയും വ്യക്തമാക്കി. ഈ ആശയം മുന്നോട്ടുവച്ച പാര്‍ട്ടിയാണു കേരളത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. ഈ ആശയം ശരിയെന്നു തോന്നുന്ന മുറയ്ക്കു നിയമത്തില്‍ മാറ്റം വരുത്താന്‍ അംഗബലമുള്ള ബി.ജെ.പി കേന്ദ്രത്തിലും ഭരിക്കുന്നു.
ഈ ആശയം പ്രാവര്‍ത്തികമായാലുമില്ലെങ്കിലും ഇരുപാര്‍ട്ടികളും ഒരുമിച്ചെടുക്കേണ്ട ഒരു തീരുമാനമുണ്ട്. അത് 'ഞങ്ങളുടെ പ്രവൃത്തികാരണം ഇനിയാരും കൊല്ലപ്പെടില്ല' എന്നതായിരിക്കണം. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെയും രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സയെയും തൂക്കിലേറ്റുന്നതു നോക്കിനില്‍ക്കാന്‍പോലും കരളുറപ്പില്ലാത്ത സഖാവ് ബേബിയെപ്പോലുള്ള നേതാക്കന്മാരുള്ള സി.പി.എം മനസുവച്ചിരുന്നെങ്കില്‍ ടി.പി ചന്ദ്രശേഖരനും ശുക്കൂറും അസ്‌ലമുമൊക്കെ ഇന്നും ജീവിക്കുമായിരുന്നു.
രാഷ്ട്രീയത്തില്‍ എതിരാളി ശത്രുവല്ല; മാനിക്കപ്പെടേണ്ട പ്രതിയോഗിയാണ് എന്ന പ്രഥമപാഠം ഇനിയെങ്കിലും പഠിക്കാന്‍ നേതാക്കള്‍ക്കു കഴിയണം. ഫാസിസം നേര്‍വഴിയിലേക്കു വന്ന് ആയുധം താഴെവച്ചാല്‍ മാത്രമേ ഞങ്ങള്‍ അക്രമംനിര്‍ത്തൂവെന്നു പറയുന്നത് നശിപ്പിക്കുക, സ്വയം നശിക്കുകയെന്ന ഫാസിസത്തിന്റെ പര്യായമറിയാത്തതിനാലാണ്.
ഇക്കഴിഞ്ഞ ഓണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്‍ എഴുതിയ ഒരു ലേഖനം അവസാനിക്കുന്നതിങ്ങനെ:
'ഒരു കൊലപാതകമുണ്ടാകുമ്പോള്‍, തിരിച്ചൊരാളെ അറുംകൊല ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രയാസമില്ല. പക്ഷേ, ഞങ്ങളതു ചെയ്യുന്നില്ല. ഇനിയും വിധവകളെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഏതെങ്കിലുമൊരു വിഭാഗം പറയണം. അവര്‍ക്കതിനുള്ള ആര്‍ജ്ജവമുണ്ടാവണം. അതൊരിക്കലും തോല്‍വിയായിരിക്കില്ല. അങ്ങിനെയെങ്കില്‍ തോറ്റുകൊടുക്കുന്നവനായിരിക്കും യഥാര്‍ഥവിജയി. ചരിത്രത്തില്‍ അവര്‍ക്കൊരു പ്രകാശമാനമായ ഇടം ലഭിക്കും. അവര്‍ വാഴ്ത്തപ്പെടും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."