കാടും പായലും മാലിന്യവും; അഞ്ച്‌തെങ്ങ്കാരുടെ കുടിനീരുറവയായിരുന്ന വാക്കംകുളം നാശത്തിലേക്ക്
കഠിനംകുളം: നൂറ്റാണ്ടുകളായി പതിനായിരങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചിരുന്ന ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് വാക്കംകുളം നാശത്തിലേയ്ക്ക്.
കാടും പടര്‍പ്പും പായലും പിന്നെ മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തിയും ഈ മനോഹരകുളമിന്ന് ഉപയോഗിക്കാനാവാത്തവിധം നാശത്തിന്റെ വക്കിലാണ്. അഞ്ചുതെങ്ങ് ആറാം വാര്‍ഡായ പുത്തന്‍ നടയിലെ പുരാതനമായ ഈ ശുദ്ധജല സംഭരണി അഞ്ചുതെങ്ങ് പ്രദേശക്കാരുടെ കുടിനീരുറവയായിരുന്നു.
വേനല്‍ക്കാലത്തുപോലും വറ്റാത്ത വാക്കംകുളം ചിറയിന്‍കീഴ് താലൂക്കിലെ ഏറ്റവും വിസ്തൃതമായ കുളങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ കിണര്‍വെള്ളം പക്ഷെ അപ്രാപ്യമാണ്. ലവണാംശവും ഓരും കലര്‍ന്ന വെള്ളമാണ് ഇവിടുത്തെ കിണറുകളിലുള്ളത്. കുടിയ്ക്കാനും കുളിക്കാനും പൈപ്പുവെള്ളത്തെയാണ് ഇവിടുത്തുകാര്‍ മുഖ്യമായി ആശ്രയിക്കുന്നത്. ആറ്റിങ്ങല്‍ കുടിവെള്ള പദ്ധതിയാണ് അഞ്ചുതെങ്ങിലും വിതരണം ചെയ്യുന്നത്. പൈപ്പുവെള്ളം വരുന്നത് വരേയും പ്രദേശവാസികള്‍ കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും വാക്കംകുളത്തിലെ ജലമാണ് ഉപയോഗിച്ചു വന്നിരുന്നത്.
വേനല്‍ക്കാലത്ത് ജലവിതരണം മുടങ്ങുന്ന സമയത്ത് വാക്കംകുളത്തിലെ വെള്ളമാണ് മലിനമാണെങ്കിലും ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും ആശ്രയം. നിലയ്ക്കാമുക്കില്‍ ജലസംഭരണി നിര്‍മിച്ച് ജലവിതരണം കാര്യക്ഷമമായതോടെ വാക്കംകുളത്തെ ഏല്ലാവരും മറന്നു. കുളത്തിലെ ജലം ഉപയോഗിക്കാതായതോടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ കാടുകയറാന്‍ തുടങ്ങി. ജലത്തിന് ചലനമില്ലാതെ കൊതുകും കൂത്താടിയുടേയും പ്രജനനകേന്ദ്രമായി. 2005 ല്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കുളത്തിനു ചുറ്റും കരിങ്കല്‍കെട്ടി സംരക്ഷണം തീര്‍ത്തു. എന്നാല്‍ ഇതും ഇപ്പോള്‍ നാശാവസ്ഥയിലാണ്. കരിങ്കല്‍കെട്ട് പലയിടത്തും പൊളിഞ്ഞുപോയി. മലിനജലം കുളത്തിലേക്ക് ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ചുതെങ്ങിലും പരിസരപ്രദേശത്തും തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് വാക്കംകുളത്തിന്റെ പുനരുപയോഗത്തെ പറ്റി പലരേയും ചിന്തിപ്പിച്ചത്.
അഞ്ചുതെങ്ങിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ ഒരുഗവണ്‍മെന്റിനും കഴിയാത്തതിനാല്‍ സ്വയം പരിഹാരമെന്ന നിലയില്‍ വാക്കംകുളം സംരക്ഷിച്ച് ശുദ്ധിയാക്കി കുടിവെള്ള വിതരണത്തിനായി സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് പ്രവീണ്‍ചന്ദ്രയുടെ നേതൃത്വത്തില്‍ എം.പിക്കും വകുപ്പ് പ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. തീരദേശത്തെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികള്‍ക്കായി ലോക ബാങ്ക് സഹായം തേടിയിട്ടുണ്ട്. ഇത്തരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാക്കംകുളം നവീകരണവും ശുദ്ധജല പദ്ധതിയും ആരംഭിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള കുടിവെളള ക്ഷാമത്തിന് പരിഹാരം ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."