അന്താരാഷ്ട്ര എണ്ണ വിലയിടിവ് പരിഹരിക്കാന്‍ സഊദി അറേബ്യ ശ്രമം തുടങ്ങി
റിയാദ് : പ്രതിസന്ധി നേരിടുന്ന അന്താരാഷ്ട്ര എണ്ണ വിപണി വില പിടിച്ചുയര്‍ത്താന്‍ പ്രമുഖ എണ്ണയുല്‍പാദന രാജ്യമായ സഊദി അറേബ്യ ശ്രമം തുടങ്ങി. എണ്ണയുല്‍പാദന രംഗത്തു സഊദിക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്ന റഷ്യയെ കൂട്ടുപിടിച്ചു നിലവിലെ എണ്ണവിലയിടിവ് പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് സഊദിയുടെ ശ്രമം.
എണ്ണയുല്‍പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ സമ്മേളനം ഈ മാസം 28 നു അള്‍ജീരിയയില്‍ നടക്കാനിരിക്കെ അതിനു മുന്നോടിയായി ധാരണയിലെത്തി വിപണി വില സ്ഥിരതക്കുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ മാസാദ്യം ചൈനയില്‍ വെച്ച് നടന്ന ജി 20 ഉച്ചകോടിയില്‍ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് പുതിയ പദ്ധതികള്‍ ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തുന്ന കാര്യങ്ങള്‍ ഒപെക് യോഗത്തില്‍ അവതരിപ്പിച്ചു തീരുമാനം ഉണ്ടാക്കാമെന്നാണ് കണക്കു കൂട്ടല്‍.
ഒപെക്കില്‍ സ്ഥിരാംഗമായുള്ള എണ്ണ ഉല്‍പാദന വിപണന രാജ്യങ്ങള്‍ക്കു പുറമെ ഒപെക്കിനു പുറത്തെ എണ്ണയുത്പാദക കയറ്റുമതി രാജ്യങ്ങളുമായി ധാരണയിലെത്തിയായിരിക്കും പുതിയ ഫോര്‍മുല അവതരിപ്പിക്കുക. ഒപെക്കില്‍ അംഗമല്ലാത്ത പ്രമുഖ എണ്ണയുല്‍പാദന രാജ്യമാണ് റഷ്യ. എണ്ണവിലയുടെ കാര്യത്തില്‍ റഷ്യയുടെ അനുകൂല നിലപാട് വിലയില്‍ സ്ഥിരത കണ്ടെത്താനാകുമെന്ന സഊദിയുടെ പ്രത്യാശക്ക് കരുത്തു പകരുന്നതാണ്.
എണ്ണയുല്‍പാദന കയറ്റുമതി രംഗത്തു പ്രമുഖ രാജ്യങ്ങള്‍ക്ക് പുറമെ ഉപരോധം നീങ്ങിയതിനെ തുടര്‍ന്ന് ഇറാനു പുറമെ നൈജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടി തങ്ങളുടെ എണ്ണ വിപണിയില്‍ ഇറക്കുന്നത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തി സഊദി രംഗത്തെത്തുന്നത്.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ ഇറാനെതിരെയുള്ള ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്. ഉപരോധം പിന്‍വലിച്ച് ഒരു വര്‍ഷത്തിനകം തന്നെ ഇറാന്‍ എണ്ണ ഉല്‍പാദന ശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചത് വിപണിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ കയറ്റുമതി ഇതിനകം തന്നെ ഇറാന്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇതിനു പുറമെ നൈജീരിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള എണ്ണ കൂടി ആഗോള വിപണിയിലേക്ക് എത്തുന്നതോടെ വിപണി വില കുറഞ്ഞ് അരക്ഷിതാവസ്ഥക്കു കാരണമാകും.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഒപെകും റഷ്യയും ഈ മാസം 28 നു യോഗം ചേരുന്നത്. അള്‍ജീരിയയില്‍ നടക്കുന്ന യോഗത്തില്‍ എണ്ണ വിലയില്‍ കാര്യമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എണ്ണ കയറ്റുമതി രാജ്യങ്ങള്‍. കൂടാതെ നവംബര്‍ അവസാനത്തില്‍ വിയന്നയിലെ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ച കോടിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനും സഊദി ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."