കരിപ്പൂരില്‍ രണ്ടു ദിവസം 24 മണിക്കൂറും റണ്‍വേ പ്രവര്‍ത്തിച്ചു
കൊണ്ടോട്ടി: പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തിലും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി എത്തിയതോടെ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ രണ്ടു ദിവസം 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ബി.ജെ.പി ദേശീയ കൗണ്‍സിലിലേക്കുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വരവിലാണ് റണ്‍വേ ഏപ്രണ്‍ നിറഞ്ഞത്. ഒന്നരവര്‍ഷമായി പകലില്‍ അടച്ചിടുന്ന റണ്‍വേ പ്രവൃത്തികളും രണ്ടുദിവസം നിര്ത്തിത്തിവച്ചാണ് വി.ഐ.പികള്‍ക്ക് സൗകര്യം ഒരുക്കിയത്.
15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് വി.ഐ.പികള്‍ എത്തിയത്. പതിവ് സര്‍വിസുകള്‍ക്ക് പുറമെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും കൂടിയായതോടെ പാര്‍ക്കിങും പ്രശ്നമായി. എയര്‍ട്രാഫിക് മാനേജ്മെന്റും എന്‍ജിനിയറിങ് വിഭാഗവും പിന്നീട് ഏറെ പണിപ്പെട്ട് സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്സ് എന്നീ വിമാനങ്ങളുടെ സര്‍വിസും വൈകി. രാവിലെ 9.30ന് കരിപ്പൂരിലെത്തി മുംബൈയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം രാവിലെ 11.40നെത്തി 12.30നാണ് കരിപ്പൂര്‍ വിട്ടത്. രാവിലെ 9.15ന് ഖത്തറില്‍ നിന്നെത്തി 10.15ന് തിരിച്ച് പോകേണ്ട വിമാനം ഇന്നലെ ഒരു മണിക്കൂര്‍ വൈകിയാണ് തിരിച്ചുപോയത്. ശനിയാഴ്ച രാത്രിയുളള ഇന്‍ഡിഗോ വിമാനം ഇന്നലെ പുലര്‍ച്ചയാണ് പുറപ്പെട്ടത്. പ്രധാനമന്ത്രി ഉള്‍പ്പടെയുളളവര്‍ ഇന്നലെ കരിപ്പൂര്‍ വഴിയാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."