ജില്ലാതല ആഘോഷം അദ്വൈതാശ്രമത്തില്‍
കൊച്ചി: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം നൂറു വര്‍ഷം പിന്നിട്ടതിന്റെ ജില്ലാതല ആഘോഷത്തിന് ആലുവ അദ്വൈതാശ്രമം വേദിയാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ്, സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകളും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് ഒക്ടോബര്‍ രണ്ടിന് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. അദ്വൈതാശ്രമത്തില്‍ 1916 മെയ് 28നാണ് ശ്രീനാരായണഗുരു നമുക്ക് ജാതിയില്ലെന്ന് വിളംബരപ്രഖ്യാപനം നടത്തിയത്.
സര്‍ഗോത്സവം, വിളംബര ഘോഷയാത്ര, സാംസ്കാരിക സംഗമം എന്നീ പരിപാടികളോടെയാണ് വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ആര്. സുരേന്ദ്രന് എന്നിവര്‍ അറിയിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30ന് ആലുവ ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗാന്ധിജയന്തി വാരാഘോഷം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട് നിര്‍വഹിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് താലൂക്ക്തലത്തില്‍ ലൈബ്രറി കൗണ്‍സില്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളാണ് സര്‍ഗോത്സവത്തില്‍ മാറ്റുരയ്ക്കുക. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസം, പ്രസംഗം, കാവ്യാലാപനം എന്നീ മത്സരങ്ങളും നടക്കും.
വൈകിട്ട് മൂന്നിന് ആലുവ ഗവ. ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നും അദ്വൈതാശ്രമത്തിലേക്ക് വിളംബര ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് നാലു മണിക്ക് അദ്വൈതാശ്രമത്തില്‍ നടക്കുന്ന സാംസ്കാരിക സംഗമം നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന് അധ്യക്ഷത വഹിക്കും.
ആറു മണി മുതല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടക്കും. പി.കെ മേദിനിയുടെ ഗാനങ്ങളോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കം.
സി.ജെ കുട്ടപ്പനും സംഘവും നാടന്‍പാട്ട് അവതരിപ്പിക്കും, ശ്രീനാരായണഗുരു വിഷ്വല്‍ പെര്‍ഫോമന്‍സ് സ്കിറ്റ്, കെ.വി അബൂട്ടിയും ആര്.കെ രാംദാസും അവതരിപ്പിക്കുന്ന സെക്യുലര്‍ ഫ്യൂഷന്‍ സോംഗ്, സ്കിറ്റ്, മൈം, ദൈവദശകം ശ്ലോകാവതരണം എന്നിവയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."