HOME
DETAILS
MAL
സംസ്ഥാനത്തു ബി.ജെ.പി പ്രതീക്ഷിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ്
backup
April 23 2016 | 17:04 PM
രാജു ശ്രീധര്‍
കൊല്ലം: തെരഞ്ഞെടുപ്പു ചുടേറിയതോടെ സംസ്ഥാനത്തു ബി.ജെ.പിയുടെ പ്രതീക്ഷ മങ്ങുന്നു. അധികാരത്തിലെത്താനാണ് മല്‍സരിക്കുന്നതെന്ന് ആവര്‍ത്തിക്കുന്ന കേരളത്തിലെ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് പരമാവധി സാധ്യതാ സീറ്റുകളുടെ എണ്ണം ചുരുങ്ങി ഏഴായി. ഈ ഏഴെണ്ണത്തത്തില്‍ വിജയിച്ചേക്കാം എന്നല്ലാതെ ഒറ്റ സീറ്റില്‍ പോലും വിജയിക്കുമെന്ന് പൂര്‍ണ പ്രതീക്ഷ പുലര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നാണു സൂചന. പാര്‍ട്ടി 'വാര്‍ റൂം' ആണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. പുറത്തേക്കു വിടാനുള്ളതല്ല പട്ടികയെങ്കിലും ഇതിനെക്കുറിച്ച് ഉള്ളില്‍ത്തന്നെ അഭിപ്രായഭിന്നതയുണ്ട്. തിരുവനന്തപുരം നഗരത്തിലെ പി.എം.ജി ജംഗ്ഷന് അടുത്ത് പി.സി ജോര്‍ജ്ജ് മുമ്പ് ചീഫ് വിപ്പ് ആയിരുന്നപ്പോള്‍ പൂഞ്ഞാര്‍ ഭവന്‍ എന്നു പേരിട്ട് താമസിച്ച കൂറ്റന്‍ വീട്ടിലാണ് ഇത്തവണ ബി.ജെ.പിയുടെ 'വാര്‍ റൂം'.
സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍ ഉമാകാന്തനാണ് ചുമതല. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട്, പാലക്കാട് ജില്ലയിലെ പാലക്കാട്, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം എന്നിവയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍. ഇതില്‍ കുട്ടനാട് ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവാണ് മത്സരിക്കുന്നത്. കൂടുതല്‍ സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുകയും പരസ്യമായി അവകാശപ്പെടുകയും ചെയ്യുന്ന ബി.ഡി.ജെ.എസിനാണ് ബി. ജെ.പിയുടെ പട്ടികയെക്കുറിച്ച് ഏറ്റവുമധികം വിയോജിപ്പ്. മാത്രമല്ല, വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടം, കുമ്മനം രാജശേഖരന്‍ മല്‍സരിക്കുന്ന വട്ടിയൂര്‍ക്കാവ്, കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്ന മഞ്ചേശ്വരം, ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കുന്ന പാലക്കാട് എന്നിവിടങ്ങളില്‍ പരമാവധി രണ്ടാം സ്ഥാനമാണ് ബി.ഡി.ജെ.എസ് കണക്കുകൂട്ടുന്നത്. ഒ.രാജഗോപാല്‍ മത്സരിക്കുന്ന നേമത്തുപോലും വിജയപ്രതീക്ഷ പങ്കുവയ്ക്കാന്‍ അവര്‍ തയാറല്ല. പി.എസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ ജയിച്ചേക്കാമെന്ന് സമ്മതിക്കുന്നുണ്ടെന്നു മാത്രം.
ബി.ഡി.ജെ.എസിലെ പ്രധാന കക്ഷികളിലൊന്നായ കെ.പി.എം.എസിന്റെ നേതാവ് ടി.വി ബാബു വൈക്കം മണ്ഡലത്തില്‍ ജയിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിനും പാലക്കാട്ട് എല്‍.ഡി.എഫിനുമാണ് അവര്‍ വിജയ സാധ്യത കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."