മത്സ്യത്തൊഴിലാളികളും ബോട്ടുയാത്രക്കാരും ദുരിതത്തില്‍
കുമരകം: വേമ്പനാട്ടു കായലിന്റെ കിഴക്കേതീരത്തും തോടുകളുടെ പ്രവേശന ഭാഗത്തും പോള ശല്യം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികളും ബോട്ടുയാത്രക്കാരും ദുരിതത്തില്‍. വേമ്പനാട്ടുകായലിനോടു ചേര്‍ന്നുള്ള തോടുകളില്‍ കിലോമീറ്ററുകളോളം പോള കൈയടക്കിയതിനാല്‍ വള്ളങ്ങളിലും ബോട്ടുകളിലും യാത്ര അസാധ്യമായിരിക്കുകയാണ്. കായലില്‍ മത്സ്യബന്ധനം നടത്തുന്നവരും കക്കാ വരുന്നവരും മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെയും പണി മുടങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞു.
മുഹമ്മകുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ടു സര്‍ക്കാര്‍ ബോട്ടുകളും കുമരകം ബോട്ടുജെട്ടിയില്‍ എത്തുന്നില്ല. കായല്‍തീരത്തുള്ള കുരിശുപള്ളിക്കു സമീപം വരെയെ ഇപ്പോള്‍ ബോട്ടു എത്തുന്നുള്ളൂ. ഒരു കിലോമീറ്റര്‍ യാത്ര ചെയ്താലെ ബോട്ടു യാത്രക്കാര്‍ക്കു കുമരകം ജെട്ടിയിലെത്തി ബസ് യാത്ര തുടരാനാകു.
തൊഴിലാളികളുടെയും ബോട്ടുയാത്രക്കാരുടേയും ദുരിതം ഒഴിവാക്കണമെങ്കില്‍ യന്ത്രം ഉപയോഗിച്ചു പോള നീക്കം ചെയ്യണം. കിഴക്കന്‍ വെള്ളപ്പാച്ചിലില്‍ പോള ഒഴുകി പോകണമെങ്കില്‍ മാസങ്ങള്‍ കഴിയണം. വര്‍ഷകൃഷിയുടെ കൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പ് തോടുകളിലെ പോളനീക്കം ചെയ്തില്ലെങ്കില്‍ നെല്ലു സംഭരണത്തേയും ദോഷമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."