കടലില്‍ കാണാതാകുന്നവരെ കണ്ടെത്താന്‍ 'ശരത് ' സോഫ്റ്റ്‌വെയര്‍ കേരളം സ്വന്തമാക്കി
തിരുവനന്തപുരം: കടല്‍ ദുരന്തങ്ങളില്‍പ്പെടുന്നവരെ കണ്ടെത്താന്‍ ദുരന്ത നിവാരണവകുപ്പിന് പുതിയ സംവിധാനം. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് (ഇന്‍കോയ്‌സ്) വികസിപ്പിച്ചെടുത്ത 'ശരത്' (സെര്‍ച്ച് ആന്റ് റെസ്‌ക്യൂ എയ്ഡ് ടൂള്‍) എന്ന അത്യാധുനിക സോഫ്റ്റ് വെയറാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമായത്. കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മുങ്ങിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്് ശരത് സോഫ്റ്റ് വെയര്‍ ഉപകരിക്കും.
കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, കടല്‍ക്ഷോഭത്തില്‍ മറിയുന്ന വള്ളങ്ങള്‍, ബോട്ടുകള്‍, കപ്പലുകള്‍, തകര്‍ന്നു വീഴുന്ന വിമാനങ്ങള്‍ തുടങ്ങി ഏതു വസ്തുവിനെയും കണ്ടെത്താന്‍ ഈ സോഫ്റ്റ് വെയര്‍ കൊണ്ട് കഴിയും. അപകടമുണ്ടാകുന്ന സ്ഥലവും അപകട സമയവും ഏകദേശം അറിയാന്‍ സാധിച്ചാല്‍, രക്ഷാപ്രവര്‍ത്തനം ഏതു മേഖലയില്‍ കേന്ദ്രീകരിക്കണമെന്ന് കൃത്യതയോടെ മനസ്സിലാക്കാന്‍ ശരത് ഉപകരിക്കും. സമുദ്രത്തിലെ ജലപ്രവാഹം, കാറ്റിന്റെ ഗതി, അടിത്തട്ടിലെ നീരൊഴുക്ക് (ഓഷ്യന്‍ സര്‍ഫേസ് കറന്റ്), അപകട സ്ഥലത്തിനു ചുറ്റുമുള്ള കടലിന്റെ ആഴം, മറൈന്‍ കാലാവസ്ഥയും നിരന്തര നിരീക്ഷണ വിധേയമാക്കി സൂക്ഷമതയോടെയാണ് സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ ഇന്‍കോയ്‌സിലെ ഹൈപവര്‍ കംപ്യൂട്ടിങ് സിസ്റ്റത്തില്‍ നേരിട്ട് വിവരങ്ങള്‍ കൈമാറിയാണ് വിശകലനം ചെയ്യുന്നത്. കാണാതാകുന്ന വസ്തു, കടലിന്റെ ഏതു ഭാഗത്താണുള്ളതെന്ന ഏകദേശ മാപ്പിങും സാധ്യമാകും. വിശാലമായ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികള്‍ക്ക് ഇത്തരം വിവരങ്ങള്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ്. നിലവില്‍ കേരളത്തിന്റെ കടല്‍ത്തീരങ്ങളില്‍ മുങ്ങിമരണങ്ങളുണ്ടാകുമ്പോള്‍, ഏതു മേഖലയിലാണ് അന്വേഷിക്കേണ്ടത് എന്ന പ്രാഥമിക വിവരം പോലും ലഭ്യമല്ലാത്തതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്. ശരത് സോഫ്റ്റ് വെയര്‍ കേരളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തതിനാല്‍, ഇതിന്റെ സാങ്കേതിക തികവ് അറിയാന്‍ കൂടിയുള്ള അവസരമാണ് ദുരന്ത നിവാരണ അതോറിറ്റിക്കുണ്ടായിരിക്കുന്നത്. അതോറിറ്റിയിലെ അടിയന്തര കാര്യനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനുള്ള പരിശീലനം ഇന്‍കോയ്‌സ് നല്‍കിയിട്ടുണ്ട്.
കടലില്‍ കാണാതാകുന്ന ഏതൊരു വസ്തുവിനെയും കണ്ടെത്താന്‍ ഇന്‍കോയ്‌സിന്റെ സഹായമാണ് ഇന്ത്യന്‍ സൈന്യം തേടുന്നത്. ഇന്ത്യന്‍ നേവി, എയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ ശരത് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ട്. 2015 ജൂലായ് 15ന് കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം പി.ജെ. 791 കടലില്‍ തകര്‍ന്നു വീണിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് അത്യാധുനിക സോഫ്റ്റ് വെയര്‍ ഇന്‍കോയ്‌സ് വികസിപ്പിച്ചെടുത്തത്. ഒരു മാസത്തിനുള്ളില്‍ സോഫ്റ്റ് വെയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് വിമാനത്തിന്റെ 80 ശതമാനം അവശിഷ്ടങ്ങളും കണ്ടെത്തി. 2016 ജൂലായ് 22ന് 29 സൈനികരുമായി വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. ചെന്നൈ താംബരം വ്യോമതാവളത്തു നിന്നും ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട്‌ബ്ലെയറിലേക്കു പറന്ന എ.എന്‍-32(അന്റോണോവ്-32) എന്ന വ്യോമസേനാ വിമാനമാണ് കാണാതായത്. വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്‍കോയ്‌സില്‍ നിന്നുലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടക്കുന്നത്. മലയാളി ശാസ്ത്രജ്ഞരായ ഡോ. ബാലകൃഷ്ണന്‍, ഡോ. ആര്‍. ഹരികൃഷണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍കോയിസ് ശരത് എന്ന പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."