റാങ്ക് ലിസ്റ്റ് നോക്കുകുത്തി: വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനം നടക്കുന്നില്ല
കുന്നുംകൈ: ഡ്രൈവര്‍ തസ്തികയില്‍ പി.എസ്.സി തിരഞ്ഞെടുത്തു ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ വര്‍ഷങ്ങളായി നിയമനം കാത്തിരിക്കുന്നു. 2011 ല്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച ഡ്രൈവര്‍ ഗ്രേഡ് രണ്ടില്‍ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍ക്കാണു ജോലി ലഭിക്കാത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ പി.എസ്.സി അഡൈ്വസ് ചെയ്തതു 13 പേരെ മാത്രമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് 2012 ല്‍ പി.എസ്.സി ഏകീകൃത റാങ്ക്‌ലിസ്റ്റുണ്ടാക്കി നല്‍കിയത്.
11 ബോര്‍ഡുകളും കോര്‍പറേഷനുകളും ചേര്‍ന്ന് 134 ഒഴിവുകളാണ് അന്നു റിപ്പോര്‍ട്ട് ചെയ്തത്. ശേഷിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടു പല വകുപ്പുകളും നിസ്സഹകരിക്കുകയായിരുന്നു. സംസ്ഥാനത്തു നിയമന നിരോധനമില്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും ചില വകുപ്പുകളില്‍ ഇപ്പോഴും നിയമന നിരോധനമുണ്ടെന്നാണു സൂചന.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കു നിയമനം നല്‍കാതെ ഡ്രൈവര്‍ ഗ്രേഡില്‍ താല്‍ക്കാലിക നിയമനങ്ങള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. മിക്ക സ്ഥാപനങ്ങളും വകുപ്പ് മന്ത്രിമാരുടെ ഓഫിസില്‍ നിന്നു നിര്‍ദേശിക്കുന്നവര്‍ക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി നല്‍കി ഒഴിവുകള്‍ നികത്തുന്നുവെന്ന ആരോപണവുമുണ്ട്.
ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ ഒഴിവാക്കപ്പെടുന്നു. 2014 ല്‍ പരീക്ഷ എഴുതിയ ജില്ലയിലെ ഡ്രൈവര്‍ ഗ്രേഡ് തസ്തികയില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ 135 പേരാണുള്ളത്. ആറു വര്‍ഷം മുന്‍പ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ച് ജോലിക്കായി കാത്തിരിക്കുന്നവരില്‍ പലരും ഇനിയൊരു പി.എസ്.സി പരീക്ഷയില്‍ അപേക്ഷിക്കാന്‍ കഴിയാത്തവിധം പ്രായപരിധി കഴിഞ്ഞവരാണ്.
നിയമനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഇതുസംബന്ധിച്ച് അധികൃതര്‍ പറയുന്നത്.
ജില്ലയിലെ പല പഞ്ചായത്തുകളിലും മറ്റു വകുപ്പുകളിലും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞു സ്വന്തക്കാരെ നിയമിക്കുന്നുണ്ടെന്നു റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ ആരോപിക്കുന്നു.
ജില്ലയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടു റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."