HOME
DETAILS
MAL
ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്: പ്രതി പിടിയില്‍
backup
April 25 2016 | 02:04 AM
നെടുമ്പാശ്ശേരി: ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലിസിന്റെ പിടിയിലായി. കോതമംഗലം നെല്ലിക്കുഴിയില്‍ അല്‍ ഹുദാ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വിസ് സെന്റര്‍ നടത്തിവന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി തെങ്കര പോത്തേത്ത് വീട്ടില്‍ പി.എ റഹീം(36) ആണ് പൊലിസിന്റെ പിടിയിലായത്. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ കോതമംഗലം പൊലിസാണ് വിമാനത്താവളത്തില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയായ തങ്കളം വട്ടക്കുടിയില്‍ ഇബ്‌റാഹിം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഇബ്‌റാഹിമിനെയും ഭാര്യയേയും കഴിഞ്ഞ വര്‍ഷം ഹജ്ജിന് കൊണ്ടുപോകുന്നതിന് സൗകര്യം ഒരുക്കാമെന്ന വ്യവസ്ഥയില്‍ 6.60 ലക്ഷം രൂപ റഹീം കൈപ്പറ്റിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം യാതൊരു വിവരവും നല്‍കാതെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാനും കഴിഞ്ഞില്ല. ഇബ്‌റാഹിമിന്റെ പരാതിയെ തുടര്‍ന്ന് റഹീമിനെ പിടികൂടാന്‍ മാസങ്ങളായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ ഇന്നലെ കോഴിക്കോട് രാമനാട്ടുകരയില്‍ നിന്നും 44 പേരെ ഉംറ തീര്‍ഥാടനത്തിനായി പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കോതമംഗലം പൊലിസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇയാളോടൊപ്പം എത്തിയ 44 പേര്‍ക്കും ഉംറ തീര്‍ഥാടനത്തിന് പുറപ്പെടാന്‍ സൗകര്യം ഒരുക്കിയതിനു ശേഷമാണ് പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉംറ തീര്‍ഥാടകര്‍ക്കൊപ്പം റഹീം ജിദ്ദയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. കോതമംഗലം എസ്.ഐ കെ ഉണ്ണികൃഷ്ണന്‍, സി.പി.ഒ ഷാജി കുര്യാക്കോസ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."