കരുത്തും അഴകും ചോര്‍ന്ന ചെന്നൈയിന്‍
ചെന്നൈയിന്‍ മാവീരന്‍മാരുടെ പടയൊരുക്കം കിരീടം നിലനിര്‍ത്താനുള്ള മോഹത്തോടെയാണ്. എന്നാല്‍, രണ്ടാം പതിപ്പില്‍ ഗോവയെ അട്ടിമറിച്ച് ചാംപ്യന്‍മാരായ പഴയ ചെന്നൈയിനല്ല ഇപ്പോഴുള്ളത്. മൂന്നാം പതിപ്പിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ചെന്നൈയിന്‍ എഫ്.സിയുടെ കരുത്തും അഴകും ചോര്‍ന്നു പോയിരിക്കുന്നു. കിരീടത്തിലേക്ക് ചെന്നൈയിനെ നയിച്ച സൂപ്പര്‍താരനിരയെല്ലാം കൂടൊഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്നത് മുഖ്യപരിശീലകന്‍ മാര്‍ക്കോ മറ്റരാസി മാത്രം. ലാറ്റിനമേരിക്കന്‍ കളിയഴകുമായി കളംനിറഞ്ഞു പടനയിച്ച എലാനോ ബ്ലൂമര്‍ മൂന്നാം പതിപ്പില്‍ കൂടെയില്ല. ഗോവയില്‍ നിന്നും നേരിടേണ്ടി വന്ന കയ്‌പ്പേറും അനഭവുമായി ഇന്ത്യ വിട്ട എലാനോ ചെന്നൈയിനിലേക്ക് മടങ്ങി വന്നില്ല. പകരം നോര്‍വേയുടെയും ലിവര്‍പൂളിന്റെയും ഇതിഹാസതാരം ജോണ്‍ ആര്‍നെ റീസെയാണ് മാര്‍ക്വീതാരം.
ഡല്‍ഹി ഡൈനാമോസില്‍ നിന്നാണ് പ്രതിരോധത്തിലെ കരുത്തനായ റീസെയെ ചെന്നൈയിന്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരനിരയില്‍ നിന്നും സൂവര്‍ണഗ്ലൗവിന് ഉടമയായ ഗോള്‍കീപ്പര്‍ അപൗല ഈദല്‍, മധ്യനിരയിലെ കളിമാന്ത്രികന്‍ ബ്രൂണോ പെലിസാറി, ഇരട്ട ഹാട്രിക്ക് ഉള്‍പ്പെടെ 13 ഗോളുകളുമായി ടോപ്‌സ്‌കോററായ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസ എന്നിവരും ചെന്നൈയിന്‍ കൂടാരം വിട്ടു. രണ്ടാം പതിപ്പില്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ചെന്നൈയിന്‍ സെമിയില്‍ എത്തിയത്. ഇരുപാദ സെമിയില്‍ അത്‌ലറ്റികോ ഡി. കൊല്‍ക്കത്തയെ 4-2ന് അട്ടിമറിച്ചായിരുന്നു കലാശപ്പോരിലേക്ക് എത്തിയത്. ഫൈനലില്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ച എഫ്.സി ഗോവയെ 3-2ന് തകര്‍ത്ത് ചെന്നൈയിന്‍ കിരീടത്തില്‍ മുത്തമിട്ടു. കിരീടം നിലനിര്‍ത്താന്‍ പടയൊരുക്കം നടത്തുന്ന ചെന്നൈയിന് ഗോവ ഉള്‍പ്പെടെയുള്ളവര്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
മെന്‍ഡോസയില്ലാത്ത
മുന്നേറ്റം
രണ്ടാം പതിപ്പില്‍ കളിക്കളത്തില്‍ സ്റ്റീവന്‍ മെന്‍ഡോസ കൊടുങ്കാറ്റു വിതച്ചെങ്കില്‍ ഇത്തവണ ചെന്നൈയിന്‍ ആക്രമണ നിരക്ക് ശൗര്യം കുറവാണ്. ഇറ്റലിയില്‍ നിന്നും സീരി ബി കളിച്ചുവരുന്ന വരുന്ന ഡേവിഡ് സൂസിയും സീരി ഡി കളിച്ചെത്തുന്ന മൗറീഷ്യോ പെലൂസോയുമാണ് ആക്രമണനിരയിലെ പ്രധാനികള്‍. ഇവര്‍ക്ക് കൂട്ടായി എഫ്.സി ഗോവയോട് സലാം ചൊല്ലിയ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡുവും. ഇന്ത്യന്‍ താരങ്ങളായ ജെജെ ലാല്‍പെഖുലയും ജയേഷ് റാണയും ബല്‍ജിത് സാഹ്‌നി, പിന്നെ യുവതാരം ഉത്തം റായിയും, ഡാനിയല്‍ ലാല്‍ലിംപൂയിയയും. മുന്നേറ്റ നിരയില്‍ ഇവരാണ് ചെന്നൈയിന്റെ കരുത്ത്.
ഹാന്‍സ് മുള്‍ഡറിലാണ്
പ്രതീക്ഷ
എലാനോയും പെല്ലിസാറിയും സൃഷ്ടിച്ച മധ്യനിരയിലെ വിടവ് നികത്താന്‍ ഡല്‍ഹി ഡൈനാമോസില്‍ നിന്നാണ് ചെന്നൈയിന്‍ ആളെ പിടിച്ചത്. രണ്ട് സീസണുകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡച്ച് താരം ഹാന്‍സ് മുള്‍ഡറാണ് കളിനിയന്ത്രണത്തിന്റെ കേന്ദ്രം. ഇറ്റാലിയന്‍ താരം മാനുവല്‍ ബ്ലാസിയും ബ്രസീലില്‍ നിന്നുള്ള റാഫേല്‍ അഗസ്റ്റോയും കൂട്ടിനുണ്ട്. കഴിഞ്ഞ പതിപ്പില്‍ തിളങ്ങിയ ഇവര്‍ക്കൊപ്പം ഹര്‍മന്‍ജ്യോത് ഖബ്രയും തോയ് സിങ്ങും മലയാളി താരം എം.പി സക്കീറും ധനപാല്‍ ഗണേഷും പോലുള്ള ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍മാരും കൂട്ടായുണ്ട്.
കരുത്ത് പ്രതിരോധത്തില്‍
ആക്രമണ മധ്യനിരകളില്‍ സൂപ്പര്‍താര നിരയുടെ അഭാവം നിഴലിക്കുമ്പോഴും പ്രതിരോധത്തില്‍ മാര്‍ക്കോ മറ്റരാസി ആത്മവിശ്വാസത്തില്‍ തന്നെയാണ്. പ്രതിരോധമാണ് ചെന്നൈയിന്റെ കരുത്ത്. മാര്‍ക്വീതാരം ജോണ്‍ ആര്‍നെ റീസെ നയിക്കുന്ന പ്രതിരോധ നിരയില്‍ ഫ്രഞ്ച് താരം ബെര്‍ണാഡ് മെന്‍ഡിയും ബ്രസീലിയന്‍ താരം ഏഡറും സാന്റോസ് താരമായിരുന്ന സാബിയയുമാണ് പ്രധാനികള്‍. മധ്യനിരയിലേക്കു മാറാതെ പ്രതിരോധകോട്ട കെട്ടാന്‍ തന്നെയാണ് റീസെ ഇറങ്ങുന്നത്. ലെഫ്റ്റ്‌റൈറ്റ് ബാക്ക് സഖ്യം ഇത്തവണ വിങുകളില്‍ തരംഗം തീര്‍ക്കുമെന്നുറപ്പ്.
റൈറ്റ് ബാക്കായെത്തുന്ന പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ മുന്‍ താരം മെന്‍ഡിയും വിങുകളിലൂടെ പറന്നു കയറാന്‍ ഏറെ മിടുക്കരാണ്. ഇന്ത്യന്‍ താരം ധനചന്ദ്ര സിങ്ങും രണ്ടാം പതിപ്പില്‍ കൊല്‍ക്കത്തയ്ക്കായി ബൂട്ടുകെട്ടിയ നല്ലപ്പന്‍ മോഹന്‍രാജും ഇന്ത്യന്‍ ജൂനിയര്‍ താരമായ ബഗാന്റെ അഭിഷേക് ദാസും വെറ്ററന്‍ സാന്നിധ്യം മെഹ്‌റാജുദീന്‍ വാഡൂവും പ്രതിരോധ നിയിലുണ്ട്.
ഈദലിന് പകരം
ഡ്വെയ്ന്‍ കെര്‍
ചെന്നൈയിനെ കിരീടത്തിലേക്ക് നയിച്ച വിശ്വസ്ത കരങ്ങളായിരുന്ന അപൗല ഈദലിന്റെ പകരക്കാരനായി മൂന്നാം പതിപ്പില്‍ എത്തുന്നത് ജമൈക്കന്‍ രാജ്യാന്തര താരം ഡ്വെയ്ന്‍ കെര്‍ ആണ്. ഇന്ത്യന്‍ ഗോള്‍വല കാത്ത കരണ്‍ജിത് സിങും ബെംഗളൂരു എഫ്.സിയുടെ പവന്‍കുമാറും കെറിന് കൂട്ടായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."