കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതാണ് കോണ്‍ഗ്രസ്സിന്റെ സമരത്തിനു പിന്നിലെ കാരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ സുപ്രിം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും പറഞ്ഞ അദ്ദേഹം കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതാണ് കോണ്‍ഗ്രസ്സിനെ സമരത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോഴ വാങ്ങാനുള്ള സൗകര്യം ലഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ഇത് ഇല്ലാതായി. ഇതില്‍ അസ്വസ്ഥരായവരാണ് ഈ സമരങ്ങള്‍ക്കെല്ലാം പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് സമരം ഇവരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്തിയ ഹര്‍ത്താലിന് ജനപിന്തുണയില്ലെന്നും ഹര്‍ത്താലിനെ എതിര്‍ത്തവര്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പഠിക്കാനുള്ള കുട്ടികളുടെ താല്‍പ്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടേണ്ടത്. പണത്തിന്റെ ബലത്തില്‍ പ്രവേശനം കിട്ടുന്ന സ്ഥിതി ഒഴിവാക്കി കുറഞ്ഞ ഫീസില്‍ കുട്ടികള്‍ക്ക് ഇതിനാല്‍ പഠിക്കാനുകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായിട്ടുണ്ട്. ഇത് യു.ഡി.എഫ് സര്‍ക്കാരിന് കഴിയാതിരുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സ്വാശ്രയ കരാറിന്റെ ഭാഗമായി പ്രത്യേക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സര്‍ക്കാര്‍ ഫീസായ 25,000 രൂപയ്ക്ക് മിക്കവാറും കോളെജുകളില്‍ ലഭ്യമായി. നേരത്തേ എട്ട് ലക്ഷം രൂപവരെ മാനേജമെന്റുകള്‍ വാങ്ങിയിരുന്ന സ്ഥലത്ത് 25,000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. ഇത് സര്‍ക്കാരിന് തീര്‍ച്ചയായും അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."