ജര്‍മനിയിലെ പള്ളിയില്‍ സ്‌ഫോടനം
ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മുസ്്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം. വംശീയവിദ്വേഷമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. ഫാതിഹ് കാമി പള്ളിയിലാണ് ആക്രമണം. ജര്‍മന്‍ നഗരമായ ദ്രെസ്ദനിലാണ് പള്ളി. ജര്‍മനിയില്‍ സജീവമായ ദേശീയവാദികളുടെ സാന്നിധ്യവും ഇസ്്‌ലാംഭീതിയും ആക്രമണത്തിനു കാരണമായേക്കാമെന്ന നിഗമനത്തിലാണ് പൊലിസ്. പള്ളിയോട് ചേര്‍ന്നുള്ള കണ്‍വന്‍ഷന്‍ സെന്ററും അക്രമികള്‍ ലക്ഷ്യം വച്ചിരുന്നു. തിങ്കളാഴ്ച രാത്രിവൈകിയാണ് സ്‌ഫോടനം നടന്നതെങ്കിലും ഇപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
ആര്‍ക്കും പരുക്കേറ്റിട്ടില്ല. ജര്‍മനിയില്‍ അഭയാര്‍ഥിവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ അനുകൂല സംഘടനകളെയാണ് പൊലിസ് സംശയിക്കുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ മസ്്ജിദിന്റെ വളപ്പില്‍ താമസിക്കുന്ന ഇമാമും ഭാര്യയും രണ്ടു ആണ്‍മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിയില്‍ നിന്ന് പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ പൊലിസ് കണ്ടെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെ ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡെ മെസെയര്‍ അപലപിച്ചു. ജര്‍മന്‍ ഇസ്്‌ലാമിക സമ്മേളനത്തിന്റെ പത്താം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടന്ന പ്രദേശത്ത് ജര്‍മന്‍ യുനിഫിക്കേഷന്റെ 26ാമത് വാര്‍ഷികാചരണ പരിപാടി അടുത്ത ആഴ്ച നടക്കുന്നുണ്ട്. പ്രസിഡന്റ് ജോഷിം ഗ്വക്ക് പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മുസ്്‌ലിം പള്ളികള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 300 ലേറെ വിശ്വാസികള്‍ ജുമുഅ നിസ്്കാരത്തിനെത്തുന്ന പള്ളിയാണ് ഫാതിഹ് കാമി പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."