ആധാര്‍നമ്പര്‍ ബാങ്ക്അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്കോളര്ഷിപ്പില്ലെന്ന്
പട്ടാമ്പി: കേന്ദ്ര സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന അധികൃതരുടെ നിര്‍ദേശം വിദ്യാര്‍ഥികളെ വട്ടം കറപ്പിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ് ) നാഷണല്‍ സ്കീം ഓഫ് ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എജുക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ)എന്നീ സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാണ് ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അറിയിപ്പ് വന്നിരിക്കുന്നത്. അല്ലാത്ത പക്ഷം സ്കോളര്‍ഷിപ്പ് തുക ലഭിക്കില്ലെന്നുള്ള നിര്‍ദേശവും വന്നതോടെയാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വെട്ടിലാക്കിയിരിക്കുന്നത്.
ചില വിദ്യാര്‍ഥികളോട് ആദ്യം ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ആധാര്‍ കാര്‍ഡ് ഇത് വരെയായിട്ടും ലഭിച്ചില്ലെന്നും പറയുന്നു. ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ തന്നെ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തലും തകൃതിയായി നടന്നു.
അതെ സമയം ആധാര്‍ കാര്‍ഡ് സംബന്ധിച്ചുള്ള അവ്യക്തകകള് ഇപ്പോഴും വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കും സാധാരണക്കാര്‍ക്ക് ഇടയില്‍ നിന്നും നീങ്ങിയിട്ടില്ല. ചില കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ വേണം വേണ്ട എന്ന നിര്‍ദേശവും പിന്നീട് വേണമെന്ന അറിയിപ്പുകളുമാണ് കാര്‍ഡ് ലഭിക്കാത്തവരെ കുഴപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള അന്തിമതീരുമാനം ബന്ധപ്പെട്ടവര്‍ അറിയിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."