ബി.ജെ.പിയുമായുള്ള ഒരു ബന്ധവും കേരള കോണ്‍ഗ്രസിന്റെ അജണ്ടയിലില്ല: തോമസ് ഉണ്ണിയാടന്
തൃശൂര്‍: ബി.ജെ.പിയുമായുള്ള ഒരു ബന്ധവും കേരള കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയുമായോ മുന്നണിയുമായോ ചര്‍ച്ച നടത്തിയിട്ടില്ല. സ്വതന്ത്രമായി മുന്നോട്ട് പോകാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. വിട്ടുപോയ ഏതെങ്കിലും നേതാക്കള്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. എന്നാല്‍, കേരള കോണ്‍ഗ്രസിനെ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും ആവശ്യമാണെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിപ്പിടം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്.
അതേസമയം, സ്വാശ്രയ പ്രശ്നത്തില്‍ യു.ഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പ്രശ്നങ്ങളില്‍ വിഷയാധിഷ്ഠിതമായി ഇടപെടുകയെന്ന പാര്‍ട്ടി നിലപാടിന്റെ ഭാഗമായാണിത്. പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്കെതിരേ പ്രവര്‍ത്തിച്ച വിജിലന്‍സ് എസ്.പി സുകേശന് രാജിവെക്കുകയോ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന് ഉണ്ണിയാടന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."