പൊതുമരാമത്ത് വകുപ്പിലെ അഴിമതി മാണിക്കും ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയ അഴിമതികളില്‍ മുന്‍ധനമന്ത്രി കെ.എം മാണിക്കും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പദ്ധതി അനുബന്ധ ജോലികളുടെ പേരില്‍ മുന്നൂറു ശതമാനംവരെ തുക വര്‍ധിപ്പിച്ചു നല്‍കുന്നുണ്ടെന്നും അന്‍പതുലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ വകുപ്പിലെ പദ്ധതികള്‍ക്കു ഫണ്ട് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
മുന്‍മന്ത്രിമാര്‍ക്കു പുറമേ ധന,പൊതുമരാമത്ത് സെക്രട്ടറിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് അഴിമതികള്‍ നടക്കുന്നത്. തുടക്കത്തില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാറില്‍ ഒപ്പിട്ടശേഷം അനുബന്ധ ജോലികളുടെ പേരില്‍ എസ്റ്റിമേറ്റ് തുക മാറ്റും. നൂറു മുതല്‍ മുന്നൂറ് ശതമാനം വരെ തുക വര്‍ധിപ്പിച്ചാണ് അനുബന്ധ ജോലികള്‍ക്കായി അനുവദിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനായി ധന, പൊതുമരാമത്ത് സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ പൊതുമരാമത്ത്, ധന മന്ത്രിമാരുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്നതായും അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതല്‍ ചീഫ് എന്‍ജിനിയര്‍ വരെയുള്ള വിവിധ പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങളാണ് കൈക്കൂലിയായി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ കരാറിനും 50 ലക്ഷം രൂപ വരെ കരാറുകാര്‍ നല്‍കുന്നുണ്ട്. ഈ തുകയില്‍ നല്ലൊരു വിഹിതം രാഷ്ട്രീയക്കാര്‍ക്കും ലഭിക്കുന്നുണ്ട്. കോഴ നല്‍കുന്ന പണം പദ്ധതികളില്‍ അഴിമതി നടത്തിയാണു കരാറുകാര്‍ തിരിച്ചുപിടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."