സോക്കര്‍ ആരവത്തിലേക്ക്...
ഐ.എസ്.എല്‍ മൂന്നാം പതിപ്പിനു നാളെ ഗുവാഹത്തിയില്‍ കിക്കോഫ്
ആദ്യ പോരാട്ടം കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും തമ്മില്‍
ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ഐ.എസ്.എല്‍ മൂന്നാം പതിപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകളുടെ അകലം മാത്രം. ഗുവാഹത്തി സരൂസജോയി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ പുല്‍മൈതനത്ത് നാളെ രാത്രി ഏഴിനാണ് കിക്കോഫ്. ഉദ്ഘാടന പോരാട്ടത്തില്‍ കേരളത്തിന്റെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സിനെ വടക്കുകിഴക്കുകളുടെ പ്രതിനിധിയായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് നേരിടുന്നതോടെയാണ് 61 നാളുകള്‍ നീണ്ടു നില്‍ക്കുന്ന സോക്കര്‍ യുദ്ധത്തിനു തുടക്കമാവുക.
രണ്ടു വര്‍ഷം മുന്‍പ് തുടക്കമിട്ട സൂപ്പര്‍ ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിലെത്തുമ്പോഴും ആവേശത്തിനു തെല്ലുംകുറവില്ല. യൂറോപ്യന്‍- ലാറ്റിനമേരിക്കന്‍ ക്ലബ് ഫുട്‌ബോളില്‍ മാത്രം കണ്ടിരുന്ന ആവേശം ആകാശത്തോളം മുട്ടുന്ന ആരവങ്ങളായി ഇന്ത്യന്‍ ഗാലറികളിലും നിറഞ്ഞു തുളുമ്പി. ഒരൊറ്റ സീസണ്‍ കൊണ്ടു ലോകത്തെ നാലു മികച്ച ഫുട്‌ബോള്‍ ലീഗുകളില്‍ ഒന്നായി ഐ.എസ്.എല്‍ മാറി. സോക്കര്‍ പ്രേമികള്‍ക്ക് മുന്നിലേക്ക് ഐ.എസ്.എല്‍ മൂന്നാം പതിപ്പ് എത്തുന്നത് ഏറെ പ്രതീക്ഷകളുമായാണ്. മഴവില്ലഴകു വിരിയിക്കുന്ന ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ദിനങ്ങളാണ് ഇനി കടന്നു വരുന്നത്. മികച്ച വിദേശ സ്വദേശി താര നിരയെയും മികച്ച പരിശീലകരെയും അണിനിരത്തി ടീമുകളെല്ലാം പടയൊരുക്കം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആവേശത്തിന്റെ ആവനാഴി നിറച്ചു കളിക്കമ്പക്കാരും കാത്തിരിക്കുന്നു തങ്ങളുടെ ഇഷ്ട താരങ്ങളുടെ മാസ്മരിക പ്രകടനം കാണാനായി. ഇന്ത്യയിലെ എട്ടു നഗരങ്ങളിലെ രാജ്യാന്തര ഇനി കളി മൈതാനത്ത് ഉത്സവകാലമാണ്. ഐ.എസ്.എല്ലിന്റെ കടന്നു വരവ് ഇന്ത്യന്‍ ഫുട്‌ബോളിലേക്കു കൊണ്ടു വന്ന മറ്റങ്ങളേറെയാണ്. എന്നാല്‍, കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുമേറെ.
ഗാലറിയില്‍ നിന്നു അലയടിച്ചുയരുന്ന ആവേശം. നൃത്തച്ചുവടുകളുമായി കാല്‍പന്തിനെ തലോടുന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യം. യൂറോപ്യന്‍ കാല്‍പന്തുകളിയുടെ വേഗത. വിരസമായിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മൈതാനത്തേക്ക് സോക്കര്‍ പ്രേമികള്‍ ഇരമ്പിയാര്‍ത്തതില്‍ ഐ.എസ്.എല്ലിന്റെ പങ്ക് നിര്‍ണായകമായി. കാല്‍പന്തു പ്രേമികള്‍ ഗാലറിയിലേക്ക് തിരിച്ചെത്തിയപ്പോള്‍, വിദേശ താരങ്ങളുടെ കൂടെ പന്തു തട്ടിയ കളി മികവ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് തെല്ലൊന്നുമല്ല നേട്ടങ്ങള്‍ സമ്മാനിച്ചത്. വിദേശ താരങ്ങളുടെ സാമീപ്യം കളി മികവിന്റെ അഴകിനൊപ്പം സാങ്കേതികത കൂടി സമ്മാനിച്ചു. ഇതിനു പുറമേ എന്നും ക്രിക്കറ്റിന് മാത്രം അടിപ്പെട്ട ഇന്ത്യന്‍ വിപണിയെ കൂടി സ്വാധീനിക്കാന്‍ ഐ.എസ്.എല്ലിനായി. ഓരോ സീസണിലും കോടികളാണ് സൂപ്പര്‍ ഫുട്‌ബോളിലൂടെ ഒഴുകുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനു പ്രൊഫഷണല്‍ മുഖം നല്‍കാന്‍ ഐ.എസ്.എല്ലിനായി എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ആദ്യ സീസണില്‍ പിറന്നത് 129 ഗോളുകള്‍. രണ്ടാം സീസണില്‍ ഗോളുകളെ എണ്ണം 186 ആയി ഉയര്‍ന്നു. പാസുകളുടെ കൃത്യത 72 ശതമാനത്തില്‍ നിന്ന് 75 ആയി. ആദ്യ സീസണില്‍ പിറന്നത് ഒരു ഹാട്രിക് മാത്രം. രണ്ടാം സീസണില്‍ ഹാട്രിക്കുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. കാണികളുടെ എണ്ണത്തിലാവട്ടെ 6.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 52,000 കാണികളുടെ ശരാശരിയുമായാണ് കൊച്ചി ഒന്നാം സ്ഥാനത്ത് എത്തിയത്.
1.65 മില്യണ്‍ ആരാധകരാണ് എട്ടു നഗരങ്ങളിലായി നടന്ന 61 മത്സരങ്ങള്‍ കണ്ടത്. 45 ഗോളുകളിലേക്ക് വഴിയൊരുക്കിയ ഇന്ത്യന്‍ താരങ്ങള്‍ 48 ഗോളുകളാണ് രണ്ടാം പതിപ്പില്‍ അടിച്ചത്. 13 ഗോള്‍ അടിച്ച കൊളംബിയന്‍ സ്‌ട്രൈക്കര്‍ ജോണ്‍ സ്റ്റീവന്‍ മെന്‍ഡോസയായിരുന്നു രണ്ടാം പതിപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാര ജേതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."