പാതിരാഭക്ഷണം ആയുസുകുറയ്ക്കും
ആഹാരം എപ്പോള്‍ കഴിക്കുന്നതാണുചിതം? എത്രമാത്രം കഴിക്കണം? വിശക്കുമ്പോഴൊക്കെ കഴിക്കാമോ? ഇതൊക്കെ പലരും ചോദിക്കുന്ന ചോദ്യങ്ങളാണ്. അവനവന്റെ ശരീരത്തെയും ആരോഗ്യത്തെയും ആശ്രയിച്ചാണ് ഇതില്‍ എല്ലാത്തിന്റെയും ഉത്തരം.
അതേസമയം പുതിയ പഠനങ്ങളിലൂടെ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം രാത്രി ഭക്ഷണത്തെപ്പറ്റിയാണ്. പാതിരായ്ക്ക് ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് അവരുടെ അഭിപ്രായം. രാത്രി ഏഴു മണിയാണ് അത്താഴം കഴിക്കേണ്ട സമയമെന്നും അവര്‍ ഉപദേശിക്കുന്നു.
പാതിരായ്ക്ക് ഭക്ഷണം കഴിക്കുന്ന നല്ലൊരു വിഭാഗം നമ്മുടെ ഇടയിലുണ്ട്. എല്ലാ തൊഴില്‍ മേഖലയിലും ജോലി ചെയ്യുന്നവര്‍ എന്തെങ്കിലും കാരണത്താല്‍ പാതിരാ ഭക്ഷണത്തിന്റെ ആസ്വാദകരായി മാറുന്നു. തട്ടുകടകളും മറ്റും ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. പ്രത്യേകിച്ച് യാത്ര പോകുന്നവര്‍ അത്താഴം കഴിക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്നതായും കാണാം.
നേരത്തേ അത്താഴം എന്തുകൊണ്ട്
അത്താഴം താമസിക്കുന്നതിനനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങളും ഏറുമെന്നു പറഞ്ഞല്ലോ. രക്തസമ്മര്‍ദ്ദത്തെയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പാതിരാഭക്ഷണം ഗുരുതരമായി ബാധിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാതത്തിലേക്ക് പോലും നയിക്കാനും പാതിരാഭക്ഷണം കാരണമാകും. സ്‌ട്രോക്കുകള്‍ ഉണ്ടാകാനും ഇത് മതിയായ കാരണമാണ്.
മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. രാത്രി ഏഴുമണിക്കുശേഷം ഭക്ഷണം ഒന്നും കഴിക്കില്ല എന്ന ഉറച്ച നിലപാടെടുക്കണം. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാണുമ്പോള്‍ കഴിക്കാന്‍ തോന്നുന്നത് വിശപ്പല്ല, കൊതിയാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
അതുപോലെ അത്താഴം കഴിഞ്ഞാല്‍ അടുത്ത രണ്ടുമണിക്കൂറിനകം കിടക്കയിലേക്ക് പോകരുത്. ശരീരത്തിനെ ഊര്‍ജസ്വലമായി ഇരിക്കാന്‍ അനുവദിക്കണം.
കഴിച്ച ഭക്ഷണം ആസ്വദിക്കാന്‍ ശരീരത്തെ അനുവദിക്കുക. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ ശരീരം നിങ്ങളോടുപറയും കിടക്കയിലേക്കു പോകാന്‍. അത് അനുഭവിച്ചറിയേണ്ടുന്നതാണ്.
രാത്രി ഏഴിനുശേഷം അത്താഴം കഴിച്ചാല്‍
രാത്രി ഏഴുമണിക്കുശേഷം ഏതു സമയത്തായാലും അത്താഴം കഴിക്കുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏഴു മണിക്കുശേഷം അത്താഴം കഴിച്ചാല്‍ അത് രക്തസമ്മര്‍ദ്ദത്തെ സാരമായി ബാധിക്കും. ആയാസവും പിരിമുറുക്കവും ഉണ്ടാകാന്‍ കാരണമാകുന്ന പ്രത്യേകതരം ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ഇത് വഴിവയ്ക്കും.
ശരീരത്തിന്റെ പോഷണാവസ്ഥ മന്ദീഭവിക്കും. ഇതോടെ അമിത വണ്ണത്തിലേക്ക് അതു നയിക്കും. ഹൃദയാഘാതത്തിന് ഇത് സാധ്യത കൂട്ടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."