കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുന്നു
കല്‍പ്പറ്റ: കുട്ടികളുടെ വഴിവിട്ട പെരുമാറ്റം, മോശമായ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
രക്ഷിതാക്കളുടെ അശ്രദ്ധയും അവബോധമില്ലായ്മയുമാണ് കുട്ടികളെ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മാറ്റുന്നത്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ആദ്യഘട്ടത്തില്‍ അമിതമായി പണം നല്‍കുകയും പിന്നീട് പണം ലഭിക്കാതിരിക്കുമ്പോള്‍ ചെറിയ മോഷണങ്ങള്‍ നടത്തുകയും പിന്നീട് വലിയ മോഷ്ടാക്കളായി മാറുകയും ചെയ്യുകയാണ്. ജില്ലയിലെ ചില ഭാഗങ്ങളില്‍ കുട്ടികള്‍ പങ്കാളികളായ കേസുകള്‍ കൂടിവരികയാണ്. കഴിഞ്ഞ ദിവസം കടകളും, ആധാരമെഴുത്ത് ഓഫീസും മറ്റും കുത്തി തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലെ പ്രതി എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
പുകവലിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്. സ്‌കൂള്‍-കോളജ് വിട്ട് വിദ്യാര്‍ഥികള്‍ കാരണമില്ലാതെ വൈകി വരുന്നതും രാത്രി സമയങ്ങളില്‍ ആവശ്യമില്ലാതെ പുറത്തുപോകുന്നതും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ നിരീക്ഷിക്കുന്നതോടൊപ്പം കുട്ടികളോട് തുറന്ന് സംസാരിക്കുന്നതിന് രക്ഷിതാക്കള്‍ തയ്യാറാകണം. കൗമാരക്കാരിലെ ലഹരി ഉപഭോഗം ജില്ലയില്‍ വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ എക്‌സൈസ് വകുപ്പ് അധികൃതരയോ വിവരമറിയിക്കണം.
ആദ്യഘട്ടത്തില്‍ സൗജന്യമായി ലഹരി പദാര്‍ഥങ്ങള്‍ നല്‍കി അടിമപ്പെടുത്തിയതിനു ശേഷം പണം വാങ്ങി ഇത്തരം വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."