യുഎസ് കോണ്‍ഗ്രസ് തീരുമാനം ആപല്‍ക്കരം
2011 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സഊദി അറേബ്യക്കെതിരേ നിയമനടപടിയെടുക്കുവാന്‍ അനുമതിനല്‍കുന്ന ജസ്റ്റബില്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണു യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ ഈ നിയമം.
യു.എസ് സെനറ്റും ജനപ്രതിനിധി സഭയും (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) നേരത്തേ പാസ്സാക്കിയിരുന്ന ജസ്റ്റ (ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം) ബില്‍ നിയമമാക്കുന്നത് പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ പവര്‍ ഉപയോഗിച്ചു തടഞ്ഞിരുന്നു. ജസ്റ്റ നിയമം നിലവില്‍ വരുന്നത് അമേരിക്കയുടെ ദേശീയതാല്‍പ്പര്യങ്ങള്‍ക്കു ഗുരുതരമായ ഹാനിയുണ്ടാക്കുമെന്ന ആശങ്കയായിരുന്നു ബില്‍ വിറ്റോ ചെയ്യുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്.
എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകള്‍ക്കും ഇതു ബോധ്യമാകാതെ പോയി. യു.എസ് താല്‍പ്പര്യങ്ങളെയും രാജ്യാന്തര തത്വങ്ങളെയും പരാജയപ്പെടുത്തുന്നതാണ് യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ ജസ്റ്റ നിയമം. വിദേശങ്ങളില്‍ ജോലിചെയ്യുന്ന യു.എസ് പൗരന്മാരും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. നിലവിലുള്ള യു.എസ് നിയമവ്യവസ്ഥ വിദേശ സര്‍ക്കാറുകള്‍ക്കു നിയമപരിരക്ഷ നല്‍കുന്നതാണ്. എന്നാല്‍, ഇതിനെ പാടേ നിരാകരിക്കുന്നു ജസ്റ്റ നിയമം.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട സ്വകാര്യഹരജിയെ തുടര്‍ന്നാണ് ഇത്തരമൊരു നിയമം പാസ്സാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തുനിഞ്ഞത്. ഒരു വ്യക്തിയോ സംഘടനയോ യു.എസില്‍ നടത്തുന്ന ഭീകരാക്രമണത്തിന്റെ പേരില്‍ പ്രസ്തുത വ്യക്തിയുടെയോ സംഘടനയുടെയോ രാജ്യത്തിനെതിരേ നിയമനടപടിയെടുക്കുന്നതും നഷ്ടപരിഹാരം ഈടാക്കുന്നതും എന്തടിസ്ഥാനത്തിലാണു ന്യായീകരിക്കുക.
ഭീകരന്റെ രാജ്യം അത്തരമൊരു ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവോ എന്നന്വേഷിച്ചു കണ്ടെത്താതെ, ഭീകരരെ സഹായിക്കുവാന്‍ സാമ്പത്തികമോ ആയുധമോ സഹായമായി നല്‍കിയിട്ടുണ്ടോ എന്ന കാര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയാതെ, ഭീകരന്‍ അവിടെ ജനിച്ചുപോയി എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നഷ്ടപരിഹാരത്തിനു നിയമനടപടി സ്വീകരിക്കുകയെന്നതു ഭാവിയില്‍ യു.എസിനു വിനയായിത്തീരും. അമേരിക്കയുടെ രാജ്യാന്തരബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനേ ഇത്തരം നിയമനിര്‍മാണങ്ങള്‍ ഉപകരിക്കൂ.
സൗദി അറേബ്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ നീക്കം ഭാവിയില്‍ അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളെയും ബാധിക്കാനിടയുണ്ട്. സഖ്യരാജ്യങ്ങള്‍ക്കെതിരേ ഇത്തരം നീക്കങ്ങളുണ്ടായാല്‍ രാഷ്ട്രാന്തരീയ തലത്തില്‍ അതു സംഘര്‍ഷത്തിനിടയാക്കുകയും അമേരിക്ക ഒറ്റപ്പെടുകയും ചെയ്യും. ജസ്റ്റ പോലുള്ള നിയമങ്ങള്‍ ഭാവിയില്‍ വിദേശരാഷ്ട്രങ്ങളും പാസ്സാക്കിയാല്‍ അമേരിക്കപോലുള്ള രാഷ്ട്രങ്ങളും നഷ്ടപരിഹാരം നല്‍കേണ്ടിവരും. അമേരിക്കയില്‍നിന്നുള്ള ഭീകരനോ ഭീകര സംഘടനയോ ഏതെങ്കിലും യൂറോപ്യന്‍രാജ്യങ്ങളിലോ ഏഷ്യന്‍ രാജ്യങ്ങളിലോ ഭീകരാക്രമണം നടത്തുകയാണെങ്കില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് അമേരിക്കയ്ക്കും ഒഴിഞ്ഞുമാറാനാകില്ല.
പടരുന്ന തീവ്രവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അതതു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടോയെന്നാണ് അന്വേഷിക്കേണ്ടത്. ഏതാനുംപേരുടെ ഭീകരാക്രമണങ്ങള്‍ക്കു രാഷ്ട്രങ്ങള്‍ വിലനല്‍കേണ്ടിവരികയെന്നത് അംഗീകരിക്കാനാവില്ല. എല്ലാ രാഷ്ട്രങ്ങളും അതതു രാജ്യങ്ങളിലെ ഭീകരര്‍ക്കെതിരേ നടപടിയെടുത്തു പോരുന്നുമുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ജസ്റ്റ ബില്‍ വിറ്റോ ചെയ്തത്. പ്രസിഡന്റിന്റെ വിറ്റോ യു.എസ് കോണ്‍ഗ്രസ് തള്ളിയതിലൂടെ വലിയൊരു വിപത്തിലേയ്ക്കാണ് ആ രാജ്യം കാലെടുത്തുവെച്ചിരിക്കുന്നത്. ഒബാമയുടെ ഭരണകാലയളവില്‍ ആദ്യമായാണ് പ്രസിഡന്റിന്റെ വീറ്റോ അധികാരത്തെ യു.എസ് കോണ്‍ഗ്രസ് തള്ളുന്നത്.
ഇതുവഴി 911 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് സഊദി അറേബ്യന്‍ ഭരണകൂടത്തില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുവാന്‍ അനുമതി നല്‍കുന്ന നിയമം അമേരിക്കയില്‍ നിലവില്‍വന്നിരിക്കുകയാണ്. സഊദി അറേബ്യയാണു ഭീകരരെ അയച്ചതെന്നു തെളിയിക്കാന്‍ ഇരകള്‍ക്കു കഴിയാത്ത സ്ഥിതിക്കു നഷ്ടപരിഹാരം എങ്ങനെയാണ് ഈടാക്കാന്‍ കഴിയുകയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. സൗദി അറേബ്യ ഇത്തരം ആരോപണങ്ങളെ അതിശക്തിയായി നിഷേധിച്ചിട്ടുമുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കെടുത്ത 19 പേരില്‍ 15 പേരും സഊദി അറേബ്യക്കാരാണെന്നതിനാല്‍ സൗദി സര്‍ക്കാര്‍ എന്തു പിഴച്ചു. ഇവര്‍ക്ക് സഊദി അറേബ്യ സാമ്പത്തിക സഹായം ചെയ്തതിനോ സര്‍ക്കാറുമായി ബന്ധമുണ്ട് എന്നതിനോ ഊഹങ്ങളല്ലാതെ തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വംശീയ വെറിയനും ആളുകളെ വികാരം കൊള്ളിക്കുന്നവനും ചിന്താശേഷിയുമില്ലാത്തവനുമായ ട്രംപിനെപ്പോലുള്ളവര്‍ക്ക് ഇത്തരം നിയമങ്ങള്‍ ആഹ്ലാദം പകരുമായിരിക്കും. അമേരിക്ക കൂടുതല്‍ വംശീയ വാദത്തിലേയ്ക്കു ചായുന്നുവെന്ന സന്ദേശമായിരിക്കും ജസ്റ്റ നിയമം ലോകത്തിന് നല്‍കുക. അമേരിക്കയുടെ പതനമായിരിക്കും ഇതുവഴി ആരംഭിക്കുക. ഇതര ലോകരാഷ്ട്രങ്ങളില്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു നിര്‍ഭയരായി കഴിയാനുള്ള അവസ്ഥയും ഇതുവഴി ഇല്ലാതാകും . താന്തോന്നിയും വംശീയവാദിയും സ്ത്രീവിരുദ്ധനും കളവു പറയുന്നവനും നികുതിവെട്ടിപ്പുകാരനുമെന്നു ഡോണാള്‍ഡ് ട്രംപിനെ പേരെടുത്തു പറയാതെ അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ വിശേഷിപ്പിച്ചിട്ടുണ്ട്. ആ രാജ്യത്തിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയിലേയ്ക്കാണ് അവരുടെ ഈ വിശേഷണം വിരല്‍ചൂണ്ടുന്നത്. ട്രംപിനെപ്പോലുള്ള ഒരു വംശീയവാദിയാണ് അമേരിക്കയുടെ ഭാവി പ്രസിഡന്റാവുന്നതെങ്കില്‍ ജസ്റ്റ പോലുള്ള നിയമങ്ങള്‍ ഉണ്ടാകുമെന്നതില്‍ അത്ഭുതമില്ല. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."